പാലാ: കരൂര്‍ പഞ്ചായത്ത് മുത്തോലിക്കുന്ന് കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 2010 – ല്‍ സ്ഥാപിതമായി പിന്നീടിതുവരെ യാതൊരു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമില്ലാതെ അനിശ്ചിതത്വത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന പദ്ധതിയ്ക്ക് പുതുജീവന്‍ വച്ചത് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കലിന്റെ ഇടപെടലിലൂടെയാണ്.
7 ലക്ഷം രൂപ മുടക്കിയാണ് പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയത്. ചോര്‍ന്നൊലിച്ച് തകര്‍ച്ചയുടെ വക്കിലായിരുന്ന ഇരുപത്തയ്യായിരം ലിറ്റര്‍ സംഭരണശേഷിയുണ്ടായിരുന്ന ടാങ്കിന്റെ പുനരുദ്ധാരണം, കുഴല്‍കിണറില്‍ നിന്നും നേരിട്ട് ടാങ്കിലേയ്ക്ക് വെള്ളം എത്തിക്കുന്നതിനുള്ള പുതിയ മോട്ടോര്‍, കരൂര്‍ ഭാഗത്തേയ്ക്കുള്ള 1550 മീറ്റര്‍ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കല്‍ എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്.
വാട്ടര്‍ ടാങ്ക് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വാട്ടര്‍ പ്രൂഫ് ചെയ്തതോടെ നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പമ്പിംങ്ങ് ഇനി പൂർണ നിലയിലാകും.
2010 -ല്‍ പദ്ധതി നിലവില്‍ വന്നശേഷം ഈ കുടിവെള്ള പദ്ധതിക്ക് യാതൊരു പരിഗണനയും പഞ്ചായത്തോ അധികൃതരോ നല്‍കിയിരുന്നില്ല. 160 തിലേറെ കുടുംബങ്ങള്‍ക്ക് വെള്ളം എത്തിക്കുന്നതാണ് പദ്ധതി. അതില്‍ പകുതിയിലേറെയും സ്വന്തമായി കിണറില്ലാതെ ഈ പദ്ധതിയെ മാത്രം ആശ്രയിക്കുന്നവരാണ്. ഗുണഭോക്താക്കളിൽ നല്ലൊരു പങ്കും പിന്നോക്കക്കാരുമാണ്.
പദ്ധതിയുടെ പുനരുദ്ധാരണത്തിന് സഹായം അനുവദിക്കണമെന്ന കുടിവെള്ള പദ്ധതി ഭരണസമിതിയുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒടുവില്‍ ഗുണഭോക്താക്കളുടെ ആവശ്യപ്രകാരം പ്രദേശത്തെ എല്‍ഡിഎഫ് ഘടകം വിഷയം ശ്രദ്ധയില്‍പെടുത്തിയതോടെ ജില്ലാ പഞ്ചായത്തംഗം പദ്ധതിയുടെ രക്ഷയ്ക്കെത്തുകയായിരുന്നു.
പ്രാദേശിക തലത്തില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ വരെ ഭാഗത്തുനിന്നുമുണ്ടായ എതിര്‍പ്പുകള്‍ അവഗണിച്ച് രാജേഷ് വാളിപ്ലാക്കല്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.