അമ്പത്തിമൂന്നാമത് റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാള ചിത്രം ‘റിപ്‌ടൈഡ്’. നവാഗതനായ അഫ്രദ് വി.കെ സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ച ചിത്രം ബ്രൈറ്റ് ഫ്യൂച്ചര്‍ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക. പൂര്‍വ മാതൃകകളെ വെല്ലുവിളിക്കുന്ന സുധീരമായ ചലച്ചിത്ര ശ്രമങ്ങളാണ് ബ്രൈറ്റ് ഫ്യൂച്ചര്‍ വിഭാഗത്തില്‍ ഉള്‍പെടുത്തുക. ജനുവരി 25 മുതല്‍ ഫെബ്രുവരി 4 വരെയാണ് മേള നടക്കുന്നത്.
പരീക്ഷണ സിനിമകള്‍ക്കും സ്വതന്ത്രസിനിമകള്‍ക്കും പ്രാമുഖ്യം കൊടുക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നാണ് റോട്ടര്‍ഡാം ഫിലം ഫെസ്റ്റിവല്‍. ഡോണ്‍ പാലത്തറയുടെ ഫാമിലി, സെന്ന ഹെഗ്ഡെയുടെ 1744 വൈറ്റ് ആള്‍ട്ടോ, മഹേഷ് നാരായണന്റെ മാലിക്, ഷിനോസ് റഹ്‌മാനും സജാസ് റഹ്‌മാനും ചേര്‍ന്ന് സംവിധാനം ചെയ്ത ചവിട്ട് എന്നിവയാണ് കഴിഞ്ഞ വര്‍ഷങ്ങളിലായി റോട്ടര്‍ഡാമില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമകള്‍.പി എസ് വിനോദരാജ് സംവിധാനം ചെയ്ത കൂഴങ്കല്‍, സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ തുടങ്ങിയവയാണ് മുമ്പ് റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ അവാര്‍ഡ് നേടിയ ഇന്ത്യന്‍ ചിത്രങ്ങള്‍.
എണ്‍പതുകളുടെ അവസാനത്തില്‍ നടക്കുന്ന മിസ്റ്ററി/റൊമാന്‍സ് ചിത്രമാണ് റിപ്‌ടൈഡ്. മീഡിയവണ്‍ അക്കാദമിയിലെ ചലച്ചിത്ര പഠനത്തിന്റെ ഭാഗമായി ഡിപ്ലോമ സിനിമയായി തുടങ്ങിയ ചിത്രത്തിന്റെ സമസ്ത മേഖലയിലും പ്രവര്‍ത്തിച്ചിരിക്കുന്നത് ചലച്ചിത്രപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ്. നവാഗതരായ സ്വലാഹ് റഹ്‌മാനും ഫാരിസ് ഹിന്ദും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത് അഭിജിത് സുരേഷ് ആണ്. മെക്ബ്രാന്റ് പ്രൊഡക്ഷന്‌സിന്റെ ബാനറില്‍ കോമള്‍ ഉനാവ്‌നെ നിര്‍മ്മിച്ച ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ ജോമോന്‍ ജേക്കബ്, അഫ്രദ് വി.കെ എന്നിവരാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *