തിരുവനന്തപുരം: കേരളത്തിലെമ്പാടും കലാപം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ ആസൂത്രിത നീക്കമുണ്ടെന്ന് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ആന്റണി രാജുവും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആണ് മുഖ്യ സൂത്രധാരന്‍. യൂത്ത് കോണ്‍ഗ്രസ് സമരത്തിന്റെ മറവില്‍ ക്രിമിനലുകളെ തെരുവുകളില്‍ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമുതല്‍ നശിപ്പിച്ചതിലൂടെ പൊതുഖജനാവിന് ഉണ്ടായിരിക്കുന്നത്.
നവകേരള സദസ്സിന്റെ വന്‍വിജയം കോണ്‍ഗ്രസ് നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുകയാണ്. അതാണ് നവകേരള സദസ്സിന്റെ സമാപന ദിവസത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് അക്രമം അഴിച്ചു വിടാന്‍ കാരണം.
അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് തന്നെ നേതൃത്വം നല്‍കുന്നത് കേരള ചരിത്രത്തില്‍ ആദ്യ സംഭവമാണ്. പൊതുമുതല്‍ നശിപ്പിച്ചതിന് പ്രതിപക്ഷ നേതാവും ഉത്തരവാദിയാണ്.
തിരുവനന്തപുരം നഗരത്തിലെ നവകേരള സദസ്സിന്റെ പ്രചാരണ ബോര്‍ഡുകളും മറ്റും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഇതിലൂടെയും വ്യാപക നഷ്ടം ഉണ്ടായിട്ടുണ്ട്.
അക്രമ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ തിരിച്ചടിയുടെ ഭവിഷ്യത്തുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവേണ്ടി വരുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.