പാലക്കാട്: കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസിൽ എസ്.എഫ്.ഐ – എ.ബി.വി.പി പ്രവർത്തകരായ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഒരാൾക്ക് കുത്തേറ്റിട്ടുണ്ട്.
എ.ബി.വി.പി പ്രവർത്തകരായ പ്ലസ് വണ്‍ വിദ്യാര്‍ഥി എസ്. ദീപക് (17), പ്ലസ് ടു വിദ്യാര്‍ഥി സൂര്യദത്ത് (18), എസ്എഫ്.ഐ യൂനിറ്റ് സെക്രട്ടേറിയറ്റ് അംഗം മായപ്പള്ളം സ്വദേശി വിശാല്‍, സെക്രട്ടറി സുഷാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ദീപകിന് പേനാക്കത്തികൊണ്ട് കുത്തേൽക്കുകയായിരുന്നു. നാലുപേരെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി ആറ് സീറ്റും എസ്.എഫ്.ഐ നാല് സീറ്റും നേടിയിരുന്നു.
എട്ടു വര്‍ഷത്തോളമായി എ.ബി.വി.പിയാണ് 10 സീറ്റും നേടിയിരുന്നത്. വാളയാര്‍ എസ്.ഐ എച്ച്. ഹര്‍ഷാദിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ എസ്.എഫ്.ഐ, എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.