‘നേര്’ നാളെ തിയറ്ററിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ ദീപക് ഉണ്ണി നൽകിയ ഹർജി കോടതി നിരസിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും. വിഷയത്തിൽ മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്തും അഭിഭാഷകയുമായ ശാന്തി മായാദേവി, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്ക് നോട്ടീസ് അയച്ചുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ആണ് ദീപക് ഉണ്ണി നേര് സിനിമയുടെ തിരക്കഥ മോഷ്ടിച്ചതെന്ന ആരോപണവുമായി ഹൈക്കോടതിയിൽ ഹർജി നൽകിയത്. മൂന്ന് വർഷം മുൻപ് കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ച് ജീത്തുവും ശാന്തി മായാദേവിയുമായി താൻ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ദീപക് പറയുന്നു. ഇവിടെ വച്ച് ജീത്തുവും ശാന്തിയും ചേർന്ന് തന്റെ കഥ നിർബന്ധിച്ച് വാങ്ങിയെന്നും ശേഷം സിനിമയിൽ നിന്നും ഒഴിവാക്കിയെന്നും ആയിരുന്നു ദീപക് ഉണ്ണി ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
ദൃശ്യം ഫ്രാഞ്ചൈസിക്കും ട്വൽത്ത് മാനും ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്ന നിലയിൽ ശ്രദ്ധനേടിയ സിനിമയാണ് നേര്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പ്രിയാ മണിയാണ് നായിക. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജനകനിൽ ആയിരുന്നു ഒടുവിൽ മോഹൻലാൽ അഭിഭാഷകൻ ആയെത്തിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.
അതേസമയം, മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുന്നോടിയായി എത്തുന്ന നേരിന് ആരാധക പ്രതീക്ഷകൾ ഏറെയാണ്. വാലിബന് മുൻമ്പുള്ള സർപ്രൈസ് ഹിറ്റാകും നേരെന്നാണ് ഏവരും പറയുന്നത്. കൂടാതെ തുടരെ ഉള്ള പരാജയങ്ങളിൽ നിന്നുമുള്ള മോഹൻലാലിന്റെ വൻ തിരിച്ചു വരവാകും ചിത്രമെന്നും ആരാധകർ വിലയിരുത്തുന്നു.