തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. തലസ്ഥാനത്തെ കലാപകലുഷിതമാക്കിയത് പിണറായി വിജയന് എന്ന ഒറ്റയാളുടെ ധാര്‍ഷ്ട്യവും ക്രിമിനല്‍ മനസുമാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കല്യാശേരി മുതല്‍ കൊല്ലം വരെ മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെ ഗണ്മാന്മാരും പൊലീസുകാരും ഡിവൈഎഫ്ഐക്കാരും തല്ലിച്ചതച്ചതിനോടുള്ള യുവജനങ്ങളുടെ അണപൊട്ടിയ വികാരമാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രതിഫലിച്ചത്.
ആ മാര്‍ച്ചിനെപ്പോലും തല്ലിയൊതുക്കാനാണ് പിണറായി പോലീസ് ശ്രമിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ചു കീറി.
ഡിസിസി ഓഫീസില്‍ കയറാന്‍ പോലും പൊലീസ് ശ്രമിച്ചു. ഇതിനെയെല്ലാം അതിജീവിച്ച് സമരം വന്‍വിജയമാക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നുവെന്നും സുധാകരന് പറഞ്ഞു.