തിരുവനന്തപുരം: പ്രതിപക്ഷ സമരത്തിന്‍റെ രൂപവും ഭാവവും മാറുന്നതായിരുന്നു ഇന്ന് യൂത്ത് കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധങ്ങള്‍.
കാസര്‍കോഡ് മുത്‍ നവകേരള സദസിനെതിരെ തെരുവിലിറങ്ങി തല്ലുകൊണ്ട പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഇന്ന് തലസ്ഥാനത്ത് പ്രതിപക്ഷ നേതാവുതന്നെ രംഗത്തിറങ്ങിയതോടെ സമരം കൈവിട്ടു.
സമരക്കാരായ വനിതാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഡിസിസി ഓഫീസിലെത്തിയ പോലീസിനെ ബന്ദവസിലാക്കി പ്രതിപക്ഷ നേതാവ് നേരിട്ടെത്തി വനിതാ പ്രവര്‍ത്തകരെ തന്‍റെ കാറില്‍ കയറ്റി വിട്ട് സമരക്കാര്‍ക്കൊപ്പം നടന്നു നീങ്ങി.
ഏതാണ്ട് മുഴുവന്‍ സമയവും വിഡി സതീശന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം തെരുവിലിറങ്ങിയതോടെ പ്രവര്‍ത്തകരും ആവേശത്തിലായി. അതിനിടെ പോലീസ് വാഹനങ്ങള്‍ക്കും പോലീസിനും പ്രവര്‍ത്തകര്‍ക്കുമൊക്കെ പരിക്ക് പറ്റി.
ഒരു വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറിയെന്നാരോപിച്ച് വനിതാ എസ്ഐയ്ക്കെതിരെ നടപടിയെന്ന ആവശ്യവും യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചു. പ്രതിപക്ഷ നേതാവിനൊപ്പം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടവും ഷാഫി പറമ്പിലും എം വിന്‍സെന്‍റ് എംഎല്‍എയുമൊക്കെ സമരത്തിന് മുന്‍നിരയില്‍ തന്നെ നിന്നു.
മറ്റ് സ്ഥലങ്ങളില്‍ വച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പോലീസിനെയും ഡിവൈഎഫ്ഐക്കാരെയും ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് സമരക്കാരെ തുരത്തിയ ഭരണപക്ഷത്തിന് പക്ഷേ ഇന്നത്തെ സമരം തിരിച്ചടിയായി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടികൊള്ളാന്‍ വിട്ടുകൊടുക്കില്ലെന്ന പരസ്യ പ്രഖ്യാപനമാണ് ഇന്ന് വിഡി സതീശന്‍ തിരുവനന്തപുരത്ത് നടത്തിയത്. സമരക്കാര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. തുടര്‍ന്ന് സമരത്തിന്‍റെ മുന്‍നിരയില്‍ തന്നെ മുഴുനീളം സതീശന്‍ നേരിട്ടിറങ്ങിയതോടെ സമരം ആവേശഭരിതമായി. പോലീസ് പ്രതിരോധത്തിലുമായി.
നവകേരള സദസിന്‍റെ ശോഭ പൊലിഞ്ഞതോടെ നാടാകെ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ കൂടിയാകുമ്പോള്‍ സര്‍ക്കാര്‍ തീരെ ദുര്‍ബലമായ പ്രതിരോധത്തിലേയ്ക്ക് നിങ്ങുന്നു എന്ന വിലയിരുത്തല്‍ ശക്തമാണ്.