കൊച്ചി: അഞ്ചര മണിക്കൂറോളം  കഴുത്തോളം ചെളിയില്‍ മുങ്ങിക്കിടന്ന മരട് സ്വദേശി കമലാക്ഷി(76)ക്ക് ഇത് പുതിയ ജീവിതം. സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ഒടുവില്‍ തളര്‍ന്ന് ശബ്ദം നഷ്ടപ്പെട്ടു. ജീവിതം അവസാനിച്ചെന്ന് കരുതിയ മണിക്കൂറുകള്‍. 
ആ സമയത്താണ് ആളൊഴിഞ്ഞ പ്ലോട്ടിനോട് ചേര്‍ന്നുള്ള വീടിന്റെ ടെറസില്‍ നിന്നും ഒരു സ്ത്രീ കമലാക്ഷിയെ കാണുന്നത്. ഉടന്‍തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രക്ഷിക്കുകയായിരുന്നു. കൊച്ചി മരടിലെ വീട്ടുജോലിക്കാരിയായ കമലാക്ഷിയമ്മ ചൊവ്വാഴ്ച രാവിലെ 11ന് കൊട്ടാരം ജങ്ഷനു സമീപം സെന്റ് ആന്റണീസ് റോഡിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്തുകൂടി പോയപ്പോള്‍ പൈലിംഗ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് ചെളി നിറഞ്ഞ സ്ഥലത്തേക്ക് വീഴുകയായിരുന്നു. 
സഹായത്തിനായി ഒരുപാട് നേരം നിലവിളിച്ചു. എന്നാല്‍, സമീപത്ത് കുറച്ച് വീടുകള്‍ മാത്രമുള്ളതിനാല്‍ ആരും കേട്ടില്ല. ഒടുവില്‍, ഉച്ചകഴിഞ്ഞ് 3.45ന് സമീപത്ത് താമസിക്കുന്ന സീനത്ത് വീടിന്റെ ടെറസില്‍ നിന്ന് ചെളിയില്‍ ഒരു കൈ പൊങ്ങി നില്‍ക്കുന്നത് കണ്ടു. വസ്ത്രങ്ങള്‍ ഉണക്കാന്‍ ടെറസിലെത്തിയ സീനത്ത് ഉടന്‍ തന്നെ സമീപത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
കയര്‍ ഉപയോഗിച്ച് രക്ഷിച്ചാന്‍ ശ്രമിച്ചെങ്കിലും ചെളിയുള്ളതിനാല്‍ പ്രയാസമുണ്ടാക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. വൈകിട്ട് 4.10ന് തൃപ്പൂണിത്തുറ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ സ്ഥലത്തെത്തി. 4.30ന് ഏണിയും കയറും ഉപയോഗിച്ച് കമലാക്ഷിയെ ചെളിയില്‍ നിന്ന് പുറത്തെടുത്തു കമലാക്ഷിയെ മരട് പി.എസ്. മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെളി നിറഞ്ഞ സ്ഥലമാണെന്ന് പെട്ടെന്ന് കണ്ടാല്‍ മനസിലാക്കാന്‍ കഴിയാത്തതുകൊണ്ടാകാം അപകടം സംഭവിച്ചതെന്ന് ഫയര്‍ഫോഴ്സ് ടീമിലെ ഉദ്യോഗസ്ഥനായ വിനുരാജ് പറഞ്ഞു.  ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മാനസിക വൈകല്യമുള്ള മകനോടൊപ്പം താമസിക്കുന്ന കമലാക്ഷിയെ ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *