മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത മോഹൻലാൽ ചിത്രങ്ങളിലൊന്നാണ് തൂവാനത്തുമ്പികൾ. എന്നാൽ ഈ ചിത്രത്തിൽ നടൻ മോഹൻലാൽ തൃശൂർ ഭാഷ കൈകാര്യം ചെയ്തത് വളരെ ബോറായാണെന്ന് സംവിധായകൻ രഞ്ജിത്ത് പരാമർശിച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് പി സ്റ്റാൻലി. രഞ്ജിത്തിന്റെ പരാമർശം വളരെ മോശമായി പോയിയെന്നും സ്വന്തം പണി ചെയ്യുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും സ്റ്റാൻലി പറഞ്ഞു. രഞ്ജിത്ത് ഒരു ഭാഷാ ഗവേഷകനാണെന്ന് ഇപ്പോഴാണ് മനസിലായതെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പി. സ്റ്റാൻലിയുടെ പ്രതികരണം.
‘നല്ല ഭംഗിയായാണ് മോഹൻലാൽ സിനിമയിൽ തൃശൂർ ഭാഷ സംസാരിച്ചിട്ടുള്ളത്. നമുക്കൊരു നാരങ്ങവെള്ളം കാച്ചിയാലോ എന്നത് തൃശൂർ ഭാഷയാണോ അല്ലയോ എന്നതിന് ഉത്തരം തരേണ്ടത് ഭാഷാ ശാസ്ത്രജ്ഞന്മാരാണ്. രഞ്ജിത്തിന് ആ പണിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടൻ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റിയിരുന്നെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവരും’- പി.സ്റ്റാൻലി വ്യക്തമാക്കി.
1987-ൽ പത്മരാജൻ തിരക്കഥയും സംവിധാനവും ചെയ്ത് പുറത്തിറങ്ങിയ സിനിമയാണ് തൂവാനത്തുമ്പികൾ. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചത്. ചിത്രത്തിന്റെ തിരക്കഥ, സംവിധാനം, മോഹൻലാലിന്റെ അഭിനയം എന്നിവ വളരെയധികം പ്രശംസ പിടിച്ചുപറ്റിയിരുന്നു. ലാലേട്ടന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിലൊന്നായിരുന്നു തുവാനത്തുമ്പികളിലെ ജയകൃഷ്ണൻ. മലയാള സിനിമകളിലെ വളരെ വിരളമായ ഒരു വിഷയമാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.