ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്‍ഡ്യ മുന്നണി യോഗം അവസാനിച്ചു. സീറ്റ് വിഭജനത്തെ കുറിച്ചായിരുന്നു ഇന്നത്തെ പ്രധാന ചര്‍ച്ച. സീറ്റ് വിഭജന ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ആവശ്യപ്പെട്ടു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനര്‍ജിയും ആപ് അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളും ആണ് ആദ്യം ഖാര്‍ഗെയുടെ പേര് ആദ്യം മുന്നോട്ട് വെച്ചത്. മറ്റ് പാര്‍ട്ടികളുടെ നേതാക്കളും ഈ ആവശ്യത്തെ പിന്തുണച്ചു.
മുന്നണി യോഗത്തില്‍ 28 പാര്‍ട്ടികള്‍ പങ്കെടുത്തെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിശദീകരിച്ചു. പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്പെന്‍ഷനില്‍ മുന്നണി ശക്തമായി അപലപിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി പോരാടും. പ്രധാനമന്ത്രി അല്ലെങ്കില്‍ ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ സുരക്ഷ വീഴ്ച വിശദീകരിക്കണം. ഇത്രയും എംപിമാരുടെ സംരക്ഷണം ചരിത്രത്തില്‍ ആദ്യമായാണ്. അതിനെതിരെ പോരാട്ടം തുടരുമെന്നും യോഗം നിലപാടെടുത്തെന്നും ഖാര്‍ഗെ പറഞ്ഞു.
സുരക്ഷ വീഴ്ചയില്‍ ഇന്‍ഡ്യ മുന്നണിയുടെ രാജ്യവ്യാപക പ്രതിഷേധം വെള്ളിയാഴ്ച നടക്കും. ബിജെപി അജണ്ട ജനാധിപത്യത്തെ അവസാനിപ്പിക്കലാണ്. തിരഞ്ഞെടുപ്പ് വിജയം മുഖ്യമാണ്. പ്രധാനമന്ത്രി ആരെന്നതില്‍ തീരുമാനം പിന്നീടെടുക്കും. ശ്രദ്ധ തിരഞ്ഞെടുപ്പ് നേരിടുന്നതിലുമാണെന്നും ഖാര്‍ഗെ പറഞ്ഞു. ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ യോഗത്തില്‍ ആരും എതിര്‍ത്തില്ലെന്ന് എംഡിഎംകെ അദ്ധ്യക്ഷന്‍ വൈക്കോ മാധ്യമങ്ങളോട് പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *