ഇടുക്കി: ഇടുക്കി – ചെറുതോണി ഡാമുകളിൽ ഡിസംബർ 31 വരെ സന്ദർശകർക്കായി തുറന്നുനൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ക്രിസ്‌മസ് – പുതുവത്സരത്തോടനുബന്ധിച്ച് മന്ത്രിയുടെ അഭ്യർഥന പ്രകാരം വൈദ്യുത മന്ത്രി കെ കൃഷ്‌ണൻകുട്ടി പ്രത്യേക അനുമതി നൽകുകയായിരുന്നു.
ഡാമിലെ സാങ്കേതിക പരിശോധനകൾ നടത്തുന്ന ബുധനാഴ്ച ദിവസങ്ങൾ പൊതുജനങ്ങൾക്ക് സന്ദർശനാനുമതി ഉണ്ടാവില്ല. രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് പാസ് അനുവദിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്.
ഡാമിന്റെ സുരക്ഷ ഭീഷണി നിലനിന്നിരുന്നതിനാൽ ഏതാനും മാസങ്ങളായി സന്ദർശന അനുമതി നൽകിയിരുന്നില്ല. എന്നാൽ ക്രിസ്‌മസ് – പുതുവത്സര വേളയിൽ ഇടുക്കിയിലെത്തുന്ന സന്ദർശകരുടെ തിരക്കും ടൂറിസം രംഗത്തെ ഇടുക്കിയുടെ ഭൂപ്രകൃതിയും പരിഗണിച്ച് പ്രത്യേക അനുമതി നൽകുകയായിരുന്നു.