ഖലിസ്ഥാന്‍ വിഷയവുമായി ബന്ധപ്പെട്ട് യുഎസും കാനഡയും ഇന്ത്യയ്‌ക്കെതിരെ ആരോപിച്ചത് വ്യത്യസ്ത വിഷയങ്ങളാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയും ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണവും തമ്മില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് ഇരു രാജ്യങ്ങളും അടുത്തിടെ ആരോപിച്ചിരുന്നു. യുഎസ് വിഷയം അവതരിപ്പിച്ചപ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ കൂടി അറിയിച്ചു. ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനിനെ അമേരിക്കന്‍ മണ്ണില്‍ വച്ച് വധിക്കാന്‍ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ അറിവോടെ നടന്ന ശ്രമം തകര്‍ത്തെന്ന് യുഎസ് അടുത്തിടെ ആരോപിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണത്തിന് ഇന്ത്യ പ്രത്യേക സമിതിയും രൂപീകരിച്ചു. ഇന്ത്യ ഉത്തരവാദിത്തവും വിവേകവുമുള്ള രാജ്യമാണെന്നും മറ്റേതൊരു രാജ്യവും നല്‍കുന്ന ഇന്‍പുട്ടുകള്‍ പരിശോധിക്കാന്‍ തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”വളരെ ഉത്തരവാദിത്തമുള്ള ഒരു രാജ്യമാണ് ഇന്ത്യയെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഞാന്‍ കരുതുന്നു.  ചെയ്യുന്ന കാര്യങ്ങളില്‍ ഞങ്ങള്‍ വളരെ വിവേകികളാണ്. അന്താരാഷ്ട്ര ബന്ധങ്ങളില്‍ കാലാകാലങ്ങളില്‍ ഇത്തരം വെല്ലുവിളികള്‍ ഉയര്‍ന്നുവരാം” വിദേശകാര്യമന്ത്രി പറഞ്ഞു. ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം വിവാദമായിരുന്നു. 2020ല്‍ ഇന്ത്യ നിജ്ജറിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂണ്‍ 18ന് സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്താണ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്.
അതേസമയം കാനഡ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇന്ത്യ നിഷേധിച്ചിരുന്നു. കാനഡ ആരോപണങ്ങള്‍ ഉന്നയിച്ച് മാസങ്ങള്‍ക്ക് ശേഷം, നവംബറില്‍, ഗുര്‍പത്വന്ത് സിംഗ് പന്നൂനിനെതിരായ കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച്  52കാരനായ നിഖില്‍ ഗുപ്തയെ യുഎസ് നീതിന്യായ വകുപ്പ് കുറ്റപ്പെടുത്തി. കൂടാതെ, ആരോപണവിധേയമായ ഗൂഢാലോചനയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍സി ജീവനക്കാരനുമായി ഗുപ്ത ഒത്തുകളിച്ചതായി നീതിന്യായ വകുപ്പ് പറഞ്ഞു. 
അതിനിടെ പന്നൂനെതിരായ കൊലപാതക ഗൂഢാലോചന  ആരോപണത്തില്‍, നിഖില്‍ ഗുപ്തയുടെ കുറ്റപത്രത്തെക്കുറിച്ച് ഇന്ത്യന്‍-അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളോട് വിശദീകരിച്ച് യുഎസ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനെ അമേരിക്കയില്‍ വച്ച് കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് ഇന്ത്യക്കാരനായ നിഖില്‍ ഗുപ്തയ്‌ക്കെതിരായ ആരോപണം. ഇന്ത്യന്‍-അമേരിക്കന്‍ നിയമനിര്‍മ്മാണ അംഗങ്ങളായ അമി ബേര, പ്രമീള ജയപാല്‍, റോ ഖന്ന, രാജാ കൃഷ്ണമൂര്‍ത്തി, ശ്രീ താനേദാര്‍ എന്നിവര്‍ യുഎസില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ സ്വീകരിച്ച ശേഷം സംയുക്ത പ്രസ്താവന പുറത്തിറക്കി. നവംബര്‍ 29-ന്, അമേരിക്കന്‍ പൗരനായ പന്നൂനെ അമേരിക്കയില്‍ വച്ച് വധിക്കാനുള്ള ഗുപ്തയുടെ ഗൂഢാലോചന പരാജയപ്പെട്ടെന്നാണ് യുഎസ് ആരോപിക്കുന്നത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed