മലപ്പുറം- ജില്ലയിൽ വർധിച്ചുവരുന്ന മുങ്ങി മരണങ്ങൾ ഇല്ലാതാക്കുന്നതിനായി ഹൈസ്കൂൾ എട്ടാംക്ലാസ് മുതലുള്ള മുഴുവൻ വിദ്യാർഥികൾക്കും നീന്തൽ പരിശീലനം നൽകാൻ ജില്ലാ കലക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ചു. ക്രിസ്മസ് അവധി അടുത്ത സാഹചര്യത്തിൽ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങി അപകടങ്ങളുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്നും കുട്ടികൾക്ക് ബോധവത്കരണം നൽകണമെന്നും കലക്ടർ നിർദേശിച്ചു.
ജില്ലയിൽ 2021 ജനുവരി മുതൽ 2023 ഡിസംബർ വരെയായി 375 മുങ്ങി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021 ൽ 108 ഉം 2022 ൽ 140 ഉം 2023 ൽ ഇതുവരെയായി 127 ഉം മുങ്ങി മരണങ്ങളുണ്ടായി. ഏറ്റവും കൂടുതൽ അപകടങ്ങൾക്കിരയാകുന്നത് കുട്ടികളാണ്. 56 കുട്ടികളുടെ മുങ്ങി മരണങ്ങളാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തിരൂർ, തിരൂരങ്ങാടി, പൊന്നാനി, പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായത്.
കുളങ്ങൾ, കുളിക്കടവുകൾ എന്നിവ വൃത്തിയാക്കുന്നതിനും ജലാശയങ്ങളെ അപകട സാധ്യത, ഉപയയോഗത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചു. ജലാശയങ്ങളുടെ കരകളിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുന്നതിനും ആവശ്യമുള്ള കുളങ്ങളിൽ പടികൾ നിർമിക്കുന്നതിനും ജൈവ വേലികൾ സ്ഥാപിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് കലക്ടർ നിർദേശിച്ചു. ക്രിസ്മസ് അവധിക്കു മുമ്പായി സ്കൂളുകളിൽ അസംബ്ലികൾ വിളിച്ചു ചേർത്തു കുട്ടികൾക്ക് ബോധവത്കരണം നൽകണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഡി.ടി.പി.സിയുടെ ലൈഫ് ഗാർഡുകളുടെ പ്രവർത്തനം ഊർജിതമാക്കും.
ബീച്ചുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. മുങ്ങി മരണവുമായി ബന്ധപ്പെട്ട ബോധവത്കരണ വീഡിയോ തയാറാക്കി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ പോലീസ്, ഫയർ ഫോഴ്സ്, വിദ്യാഭ്യാസം, വിനോദ സഞ്ചാരം, ഐ.പി.ആർ.ഡി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോ ഗസ്ഥർ പങ്കെടുത്തു.
2023 December 18Keralatitle_en: Swimming training from 8th class to eliminate drowning deaths in Malappuram