മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പഞ്ചായത്ത് ജെട്ടി’ ആരംഭിച്ചു. ഡിസംബർ പതിനെട്ട് തിങ്കളാഴ്ച്ച കൊച്ചി കലൂർ ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിലൂടെയാണ് മറിമായം പരമ്പരയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേരുന്ന ചിത്രത്തിന് തുടക്കമായത്. സംവിധായകൻ സത്യൻ അന്തിക്കാട് ഭദ്രദീപം തെളിയിച്ചു. ലാൽ ജോസ്, ലിബർട്ടി ബഷീർ, ഷാഫി, സലിം കുമാർ എ.കെ.സാജൻ, മണികണ്ഠൻ പട്ടാമ്പി അടക്കമുള്ള മറിമായം ടീമും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. തുടർന്ന് സത്യൻ അന്തിക്കാട് സ്വിച്ചോൺ കർമ്മവും നാദിർഷ ഫസ്റ്റ് ക്ലാപ്പും നൽകി.
കാതലായ വിഷയങ്ങൾ മനോഹരമാം വിധം പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ കഴിഞ്ഞതാണ് ഈ പരമ്പരയുടെ വലിയ വിജയമെന്ന് സത്യൻ അന്തിക്കാട് തൻ്റെ ആശംസ പ്രസംഗത്തിൽ പറഞ്ഞു. ഈ പരമ്പരയിലെ ചില അഭിനേതാക്കളെ തൻ്റെ സിനിമകളിൽ ഉൾക്കൊള്ളിച്ചത് ഇവരുടെ കഥാപാത്രങ്ങൾ മനോഹരമാക്കിയതുകൊണ്ടാണന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.
‘മണികണ്ഠൻ ഏറെ സമർഥനാണ്. വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ ഒന്നിച്ച് ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയതാണ്. തിരക്കഥയും എഴുതിയതാണ്. പക്ഷെ സിനിമ നടന്നില്ല. വലിയ തഴിവുള്ള വ്യക്തിയാണ് മണികണ്ഠൻ’, ലാൽജോസ് പറഞ്ഞു.

‘മറിമായത്തിൻ്റെ അഞ്ഞൂറാമത്തെ പതിപ്പിൽ അഭിനയിക്കാൻ എന്നെ വിളിച്ചതാണ്. പ്രതിഫലം കേട്ടതോടെ അവരെ ഈ വഴിക്ക് പിന്നെ കണ്ടില്ല. പ്രതിഫലം തന്നില്ലങ്കിലും ഞാൻ അഭിനയിക്കുമായിരുന്നു’, സലിം കുമാർ ആശംസാപ്രസംഗത്തിൽ പറഞ്ഞു.
എ.കെ. സാജൻ, ലിബർട്ടി ബഷീർ, ധർമ്മജൻ ബൊൾഗാട്ടി, ഷാഫി എന്നിവരും ഈ പരമ്പരയിലെ അഭിനേതക്കളായ വിനോദ് കോവൂർ, മണി ഷൊർണൂർ, ഉണ്ണിരാജാ, നിയാസ് ബക്കർ, റിയാസ് നർമ്മ കല , സ്നേഹാ ശ്രീകമാർ, സലിം ഹസ്സൻ, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരും ചടങ്ങിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ടു.

പുലിവാൽ കല്യാണം, പഞ്ചവർണ്ണ തത്ത, ആനക്കള്ളൻ, ആനന്ദം പരമാനന്ദം എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നു നിർമ്മിക്കുന്ന ചിത്രമാണിത്. പ്രേം പെപ്കോ, ബാലൻ കെ. മങ്ങാട്ട് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.
ഒരു പഞ്ചായത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആ നാട്ടിൽ പൊതുവായ രണ്ടു പ്രശ്നങ്ങളുണ്ട്. അതു നടത്തിയെടുക്കാനുള്ള ശ്രമമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അത് വിജയത്തിലെത്തുമോ എന്നതാണ് ചിത്രമുയർത്തുന്ന ചോദ്യവും. പൂർണ്ണമായും നർമ്മത്തിലൂടെയും ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളിലൂടെയും ഇതിനുത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് ചിത്രമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – ക്രിഷ് കൈമൾ, എഡിറ്റിംഗ് -ശ്യാം ശശിധരൻ, കലാസംവിധാനം -സാബു മോഹൻ, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രഭാകരൻ കാസർകോട്, പ്രൊഡക്ഷൻ കൺട്രോളർ- ബാബുരാജ് മനിശ്ശേരി.
ഡിസംബർ പത്തൊമ്പത് മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമ കൊച്ചി, നായരമ്പലം, ചെറായി, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിലായി പൂർത്തിയാകും. പി.ആർ.ഒ -വാഴൂർ ജോസ്, ഫോട്ടോ – സലീഷ് പെരിങ്ങോട്ടുകര.

By admin

Leave a Reply

Your email address will not be published. Required fields are marked *