ടൊവിനോ തോമസ് നായകനായി 2017ല്‍ പുറത്തിറങ്ങിയ തരംഗം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ശാന്തി ബാലചന്ദ്രന്‍. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും കഥാപാത്രം കൊണ്ട് ഏറെ ശ്രദ്ധനേടിയ താരം കൂടിയാണ് ശാന്തി. ജെല്ലിക്കെട്ട്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ആഹ, ജിന്ന്, ഗുല്‍മോഹര്‍, എന്നെന്നും തുടങ്ങിയ സിനിമകളില്‍ ശാന്തി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും പേടികളെ കുറിച്ചും മനസ്സ് തുറക്കുകയാണ് ശാന്തി ബാലചന്ദ്രന്‍. താരത്തിന്റെ എന്നെന്നും ഇത്തവണത്തെ ഐഎഫ്എഫ്കെയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജെല്ലിക്കെട്ട് അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചെങ്കിലും ആളുകള്‍ക്ക് തന്നെ ഇപ്പോഴും തിരിച്ചറിയാന്‍ ആയിട്ടില്ലെന്ന് നടി ശാന്തി ബാലകൃഷ്ണന്‍. ജീവിതത്തില്‍ ഒട്ടും പേടിയില്ലാത്ത ആളാണ് താനെന്നും പല സിനിമകളില്‍ നിന്നും ലുക്കില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ടെന്നും ശാന്തി പറയുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി ഇക്കാര്യങ്ങള്‍ പറയുന്നത്.
ശാന്തിയുടെ വാക്കുകള്‍ ഇങ്ങനെ
‘നാടന്‍ വേഷങ്ങളും കുറച്ച് ഡള്‍ മേക്കപ്പുള്ള കഥാപാത്രങ്ങളും മാത്രമാണ് തന്നെ തേടി വരുന്നത്. അല്ലാത്ത കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഓഡിഷന്‍ നല്‍കാന്‍ തയ്യാറായാലും ലുക്ക് ശരിയല്ല എന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട്. ഗ്രാമീണ വേഷങ്ങളാകും ചേരുക എന്നാണ് പലരും പറഞ്ഞത്. ചെറുപ്പം മുതലേ പാമ്പിനെയോ പഴുതാരയെയോ ഒന്നും എനിക്ക് പേടിയില്ല. ഭയങ്കര ഭീകരമായ അനുഭവങ്ങളൊന്നും ജീവിതത്തില്‍ നേരിടാത്തത് കൊണ്ട് തന്നെ പേടി എന്താണ് എന്ന് എനിക്ക് അറിയില്ല. ഒരു സിനിമയില്‍ പല്ലിയെ കണ്ട് പേടിക്കേണ്ട ഒരു രംഗം അഭിനയിക്കാന്‍ ഉണ്ടായിരുന്നു
‘അത് എങ്ങനെ ചെയ്യണം എന്നോര്‍ത്ത് ഞാനാകെ കണ്‍ഫ്യൂഷനായി പോയി. കാരണം പേടി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഒട്ടും അറിയാത്ത അവസ്ഥയായിരുന്നു. ഒരു മെന്റല്‍ ബ്ലോക്ക് ആയി തോന്നി. പക്ഷേ അഭിനേതാക്കള്‍ അത് മറികടക്കണം. അത്തരം കാര്യങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ബേസിക്കലി പേടി ഇല്ലാത്ത ആളാണ് ഞാന്‍, അതുകൊണ്ട് എനിക്കൊരു ഹൊറര്‍ സിനിമ ചെയ്യണം എന്നുണ്ട്. അത് എനിക്ക് ചലഞ്ചായിരിക്കും.
ഇമാജിനേഷന്‍ യൂസ് ചെയ്തിട്ട് വേണം പേടി കാണിക്കാന്‍. അതുകൊണ്ട് ആരെങ്കിലും എന്നെ നല്ലൊരു ഹൊറര്‍ ഫിലിമിലേക്ക് വിളിക്കണമേ എന്നാണ് ആഗ്രഹം. എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാല്‍ പേടിച്ചേക്കാം, എന്നാല്‍ ഇതുവരെ അങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ല. പേടി എന്ന വികാരം തീരെ ഇല്ല എന്നല്ല ഞാന്‍ പറയുന്നത്. എനിക്കാകെ പേടി തോന്നുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നവരെ നഷ്ടപ്പെടുമോ എന്നതാണ്’ ശാന്തി പറയുന്നു.