കോഴിക്കോട്- സാഹസിക ജല, കായിക മത്സരങ്ങൾക്കൊപ്പം കലയുടെയും മേളപ്പെരുക്കത്തിനൊരുങ്ങി ബേപ്പൂർ. ഡിസംബർ 26 മുതൽ 29 വരെ നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ചാണ് കലാ പരിപാടികൾ സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രഗത്ഭ ഗായകർക്കൊപ്പം മികച്ച ബാന്റുകളും ബേപ്പൂരിൽ സംഗീതമഴ പൊഴിക്കാനെത്തും.
വയലി ബാംബൂ മ്യൂസിക്, തേക്കിൻകാട് ബാന്റ്, അബ്രാ കഡബ്ര, ഹണി ഡ്രോപ്പ് എന്നിവയാണ് ബേപ്പൂരിലെത്തുന്ന പ്രമുഖ ബാന്റുകൾ. കേരളത്തിൽ അങ്ങോളമിങ്ങോളം സംഗീതാസ്വാദകരുടെ മനംകവർന്ന കലാ പ്രകടനങ്ങൾ ബേപ്പൂരിലെത്തുന്നവർക്ക് പുത്തനനുഭവമാകും. ബേപ്പൂർ, ചാലിയം, നല്ലൂർ, കോഴിക്കോട് ബീച്ച് കൾച്ചറൽ സ്‌റ്റേജ് എന്നിവിടങ്ങളിൽ വൈകുന്നേരം മുതൽ രാത്രിവരെയാണ് പരിപാടികൾ അരങ്ങേറുക.
26ന് വൈകുന്നേരം 6 മണിക്ക് ബേപ്പൂർ ബീച്ചിലാണ് ഉദ്ഘാടന ചടങ്ങ്. തുടർന്ന് ചലച്ചിത്രപിന്നണി ഗായകനും കർണാടക സംഗീതജ്ഞനുമായ ഹരിചരണിന്റെ സംഗീത പരിപാടി അരങ്ങേറും. ചാലിയം ബീച്ചിൽ ആവേശത്തിരയുയർത്താൻ എ.ആർ റഹ്മാൻ ഹിറ്റ്‌സുമായി തേജ് മെർവിനും അൻവർ സാദത്തും എത്തും. നല്ലൂരിൽ വയലി ബാംബൂ മ്യൂസിക് അരങ്ങേറും. മുള ഉപകരണങ്ങൾ കൊണ്ട് മുളസംഗീതത്തിന്റെ ശ്രവ്യാനുഭവമാണ് കാണികൾക്ക് വയലി ബാംബൂ മ്യൂസിക് സമ്മാനിക്കുക.
ഡിസംബർ 27ന് യുവ പിന്നണി ഗായകരായ സിദ്ധാർത്ഥ് മേനോൻ, നിത്യ മാമൻ എന്നിവരുടെ സംഗീത പരിപാടി ബേപ്പൂരിലും നിഷാദ്, മൃദുല വാരിയർ തുടങ്ങിയവർ പങ്കെടുക്കുന്ന സംഗീത പരിപാടി ചാലിയത്തും നടക്കും. താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത പിന്നണി ഗായകനായ ഉണ്ണിമേനോൻ അവതരിപ്പിക്കുന്ന ഉണ്ണിമേനോൻ ഷോ നടക്കും. ചാലിയത്ത് അഫ്‌സൽ ഷോയും കോഴിക്കോട് ബീച്ചിലെ കൾച്ചറൽ സ്‌റ്റേജിൽ റാഫി-മുകേഷ് നൈറ്റും അരങ്ങേറും. നല്ലൂരിൽ ഹണി ഡ്രോപ്പ് ബാൻഡ് ഷോ, പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ എന്നിവയും നടക്കും. ഡിസംബർ 29ന് ബേപ്പൂരിൽ സച്ചിൻ വാര്യർ, ആര്യ ദയാൽ ബാന്റിന്റെ സംഗീത പരിപാടിയും നല്ലൂരിൽ അബ്രാകഡബ്ര ഷോയും ചാലിയത്ത് സമീർ ബിൻസി ഖവാലിയുടെ സംഗീത വിരുന്നും നടക്കും.
2023 December 18KeralaBeypur International Water Festtitle_en: Beypur International Water Fest from 26; Aquatics, arts and sports competitions