ചെന്നൈ: കനത്ത മഴയിൽ തെക്കൻ തമിഴ്നാട്ടിൽ ​ദുരിതം. പ്രളയ സമാന സ്ഥിതിയാണ് പലയിടത്തും. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡം റെയിൽവേ സ്റ്റേഷനിൽ ആയിരത്തോളം യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു. അതിതീവ്ര മഴയിൽ റെയിൽവേ സ്റ്റേഷൻ വെള്ളത്തിൽ മുങ്ങി. 
വെള്ളം കുത്തിയൊഴുകി ട്രാക്കുകൾ തകർന്നതോടെ ട്രെയിൻ പിടിച്ചിട്ടു. ഇതോടെയാണ് യാത്രക്കാർ സ്റ്റേഷനിൽ കുടുങ്ങിയത്. തിരുച്ചെന്തൂരിൽ നിന്നു ചെന്നൈയിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് 20 മണിക്കൂറോളമായി കുടുങ്ങിക്കിടക്കുന്നത്. 
സ്റ്റേഷനിലേക്കുള്ള റോഡ് ​ഗതാ​ഗതം നിർത്തി വച്ചതു രക്ഷാപ്രവർത്തനം ​ദുഷ്കരമാക്കി. യാത്രക്കാർ സുരക്ഷിതരാണെന്നു ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സ്റ്റേഷനിലെത്താൻ ശ്രമിക്കുകയാണെന്നു ദക്ഷിണ റെയിൽവേ വ്യക്തമാക്കി. 
തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുകയാണ്. മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി എന്നിവിടങ്ങളിലാണ് അതിശക്തമായ മഴയിൽ വ്യാപക നാശ നഷ്ടമുണ്ടായി. ഇവിടങ്ങളിൽ ജനജീവിതം സ്തംഭിച്ചു. തെക്കൻ തമിഴ്നാട്ടിൽ റെഡ് അലർട്ട് തുടരും. 
ചിലയിടങ്ങളിൽ മഴയ്ക്ക് ശമനമുണ്ട്. എന്നാൽ അണക്കെട്ടുകളിൽ നിന്നു അധിക ജലം തുറന്നു വിടുന്നതു തുടരുന്നതാണ് വെള്ളക്കെട്ടിനു കാരണമായത്. കായൽപട്ടണത്ത് 24 മണിക്കൂറിനുള്ളിൽ 95 സെന്റി മീറ്റർ മഴ ലഭിച്ചിട്ടുണ്ട്. 
പാപനാശം അണക്കെട്ടിൽ നിന്നു വെള്ളം തുറന്നുവിട്ടതോടെ താമരപരണി നദി കുത്തിയൊഴുകി. അതോടെ തൂത്തുക്കുടി, തിരുനെൽവേലി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.  കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലായി ഏഴായിരത്തിലധികം ആളുകളെ മാറ്റി പാർപ്പിച്ചു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *