തെങ്കാശി; തെക്കന്‍ തമിഴ്‌നാട്ടില്‍  കനത്ത മഴ  തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച നാല് ജില്ലകളിലും കനത്ത മഴ പെയ്തതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിങ്കളാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കനുസരിച്ച് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1:30 വരെ 606 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച മുതല്‍ തെക്കന്‍ തമിഴ്നാട്ടിലെ മിക്ക സ്ഥലങ്ങളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കനത്ത മഴയെത്തുടര്‍ന്ന്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനും വെള്ളപ്പൊക്ക മുന്നറിയിപ്പ് നേരിടാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി തമിഴ്നാട് സര്‍ക്കാര്‍ മന്ത്രിമാരെ ദുരിതബാധിത ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. നാല് ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും എല്ലാ വകുപ്പുകളുമായും ഏകോപിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ നാല് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അനുബന്ധ ജോലികള്‍ക്കായി മറ്റ് നാല് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറി ശിവദാസ് മീണ ഞായറാഴ്ച നാല് ജില്ലകളിലെ ജില്ലാ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തി. സ്ഥിതിഗതികള്‍ നേരിടാന്‍ ഉചിതമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. സംസ്ഥാന ദുരന്തനിവാരണ സംഘത്തിന്റെ മൂന്ന് ടീമുകളെ കന്യാകുമാരിയിലും തിരുനെല്‍വേലിയിലും വിന്യസിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജലാശയങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവശ്യ ജീവനക്കാരുമായി മാത്രം പ്രവര്‍ത്തിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
റദ്ദാക്കിയ ട്രെയ്‌നുകള്‍
പാളങ്ങളിലും റെയില്‍വേ യാര്‍ഡുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്തു. 
1. ട്രെയിന്‍ നമ്പര്‍ 06673 തിരുനെല്‍വേലി-തിരുച്ചെന്തൂര്‍ അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍
2. ട്രെയിന്‍ നമ്പര്‍ 06405 തിരുച്ചെന്തൂര്‍-തിരുനെല്‍വേലി അണ്‍റിസര്‍വ്ഡ്  സ്‌പെഷ്യല്‍
3. ട്രെയിന്‍ നമ്പര്‍ 06674 തിരുച്ചെന്തൂര്‍-തിരുനെല്‍വേലി അണ്‍റിസര്‍വ്ഡ്  സ്‌പെഷ്യല്‍
4. ട്രെയിന്‍ നമ്പര്‍ 06675 തിരുനെല്‍വേലി-തിരുച്ചെന്തൂര്‍ അണ്‍റിസര്‍വ്ഡ്  സ്‌പെഷ്യല്‍
5. ട്രെയിന്‍ നമ്പര്‍ 20666 തിരുനെല്‍വേലി-ചെന്നൈ എഗ്മോര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്
6. ട്രെയിന്‍ നമ്പര്‍ 20665 ചെന്നൈ എഗ്മോര്‍-തിരുനെല്‍വേലി വന്ദേ ഭാരത് എക്‌സ്പ്രസ്
7. ട്രെയിന്‍ നമ്പര്‍ 19577 തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ്
8. ട്രെയിന്‍ നമ്പര്‍ 16732 തിരുച്ചെന്തൂര്‍-പാലക്കാട് എക്‌സ്പ്രസ്
9. ട്രെയിന്‍ നമ്പര്‍ 06848 വഞ്ചി മണിയാച്ചി-തൂത്തുക്കുടി അണ്‍റിസര്‍വ്ഡ്  സ്‌പെഷ്യല്‍
10. ട്രെയിന്‍ നമ്പര്‍ 06671 തൂത്തുക്കുടി-വഞ്ചി മണിയാച്ചി അണ്‍റിസര്‍വ്ഡ്  സ്‌പെഷ്യല്‍
11. ട്രെയിന്‍ നമ്പര്‍ 06668 തിരുനെല്‍വേലി-തൂത്തുക്കുടി അണ്‍റിസര്‍വ്ഡ്  സ്‌പെഷ്യല്‍
12. ട്രെയിന്‍ നമ്പര്‍ 06667 തൂത്തുക്കുടി-തിരുനെല്‍വേലി അണ്‍റിസര്‍വ്ഡ്  സ്‌പെഷ്യല്‍
ഭാഗികമായി റദ്ദാക്കിയ ട്രെയ്‌നുകള്‍
1. ട്രെയിന്‍ നമ്പര്‍ 20606 തിരുച്ചെന്തൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് ശ്രീവൈകുണ്ഠത്തിനും ചെന്നൈ, എഗ്മോറിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.
2. ട്രെയിന്‍ നമ്പര്‍ 20605 ചെന്നൈ എഗ്മോര്‍-തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് തിരുനെല്‍വേലിക്കും തിരുച്ചെന്തൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. 
3. ട്രെയിന്‍ നമ്പര്‍ 06672 വഞ്ചി മണിയാച്ചി-തൂത്തുക്കുടി അണ്‍ റിസര്‍വ്ഡ് സ്‌പെഷല്‍ ടുട്ടി മേലൂര്‍ ഹാള്‍ട്ടിനും തൂത്തുക്കുടിക്കുമിടയില്‍ ഭാഗികമായി റദ്ദാക്കി.
4. ട്രെയിന്‍ നമ്പര്‍ 06847 തൂത്തുക്കുടി-വഞ്ചി മണിയാച്ചി അണ്‍റിസര്‍വ്ഡ് സ്‌പെഷല്‍ തൂത്തുക്കുടിക്കും മിലാവിതാനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.
5. ട്രെയിന്‍ നമ്പര്‍ 12693 ചെന്നൈ എഗ്മോര്‍-തൂത്തുക്കുടി പേള്‍ സിറ്റി എക്‌സ്പ്രസ് കോവില്‍പതിക്കും തൂത്തുക്കുടിക്കുമിടയില്‍ ഭാഗികമായി റദ്ദാക്കി.
 

By admin

Leave a Reply

Your email address will not be published. Required fields are marked *