കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളാണ് സാധാരണ ഗവര്‍ണര്‍മാരായി നിയമിക്കപ്പെടാറുള്ളത്. മുതിര്‍ന്ന ന്യായാധിപന്മാരെയും മറ്റും കാലാകാലങ്ങളില്‍ ഗവര്‍ണര്‍മാരായി നിയമിച്ചിട്ടുണ്ടെങ്കില്‍പോലും ഒരു രാഷ്ട്രീയ വിശ്വാസം ഗവര്‍ണര്‍ നിയമനങ്ങളിലൊക്കെയുമുണ്ടെന്നത് സംശയമില്ലാത്ത കാര്യം തന്നെ.
ഗവര്‍ണറെ നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെങ്കിലും ഗവര്‍ണര്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി രാഷ്ട്രീയം കളിക്കണമെന്ന് ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. ഫെഡറല്‍ വ്യവസ്ഥിതിയില്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടുവോളം അവകാശങ്ങള്‍ ഭരണഘടന ഉറപ്പുവരുത്തിയിട്ടുമുണ്ട്.
ജനാധിപത്യ ഭരണരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഗവണ്‍മെന്‍റുകള്‍ക്കാണ് ഭരിക്കാനുള്ള അവകാശം. ഇത് പൂര്‍ണമായ അവകാശമാണ്. സര്‍ക്കാരിന്‍റെ സ്വന്തം അധികാരമാണ്. സര്‍ക്കാരിനു നേതൃത്വം കൊടുക്കുന്ന ഭരണകര്‍ത്താക്കളുടെ അധികാരമാണ്.

കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ക്കാണ് ഭരിക്കാനുള്ള അവകാശമെന്ന് ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്

അടുത്തകാലത്ത് ചില സംസ്ഥാന സര്‍ക്കാരുകള്‍ ഗവര്‍ണര്‍മാര്‍ക്കെതിരെ നല്‍കിയ പരാതികള്‍ പരിഗണിച്ച സുപ്രീം കോടതിയും ഇക്കാര്യം വിശദമായിത്തന്നെ രേഖപ്പെടുത്തിയതാണ്. തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പുവയ്ക്കാതെ വച്ചുകൊണ്ടിരിക്കുന്ന ചില ഗവര്‍ണര്‍മാരുടെ രീതിക്കെതിരെ സുപ്രീം കോടതി ആഞ്ഞടിക്കുക തന്നെ ചെയ്തു.
പഞ്ചാബ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ പിന്നാലെ കേരളവും ഇതേ കാരണം പറഞ്ഞ് സുപ്രീം കോടതിയെ സമീപിച്ചു. ഗവര്‍ണര്‍ ഇത്രകാലം എന്തുചെയ്യുകയായിരുന്നുവെന്നാണ് സുപ്രീം കോടതി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ചോദിച്ചത്.
തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കാണ് അധികാരമെന്നും ഗവര്‍ണറുടേത് ആലങ്കാരിക പദവി മാത്രമാണെന്നും ഇതു സംബന്ധിച്ച വിധികളില്‍ സുപ്രീം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടുകയും ചെയ്തു.
ചാന്‍സലര്‍ പദവി ഉപയോഗിച്ച് സര്‍വകലാശാലകളിലെ സെനറ്റ് അംഗങ്ങളായി സ്വന്തം ഇഷ്ടപ്രകാരം ബിജെപി പ്രതിനിധികളെ നാമനിര്‍ദേശം ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തുന്ന സമരങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ തെരുവിലിറങ്ങി രൂക്ഷമായി പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.

ഗവര്‍ണര്‍ എന്നത് അത്യുന്നതമായ ഒരു പദവിയായാണ് ഭരണഘടനാ നിര്‍മ്മാതാക്കള്‍ കണ്ടത്. അതേ രീതിയിലാണ് ആ പദവിക്ക് ഭരണഘടനയില്‍ രൂപം നല്‍കിയിരിക്കുന്നതും. ഉന്നതമായ പദവിയിലിരിക്കുന്ന ഒരാള്‍ തനിക്കെതിരെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തുകയോ ബാനര്‍ കെട്ടുകയോ ചെയ്താലുടനെ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ആക്രോശം നടത്തുകയും സമരക്കാരെ അധിക്ഷേപിക്കുകയും ചെയ്യുന്നത് ഗവര്‍ണറുടെ ഉന്നത സ്ഥാനത്തിന് ഒട്ടും ചേര്‍ന്നതല്ല.
തീഷ്ണവും ശക്തവുമായ വിദ്യാര്‍ത്ഥി സമരങ്ങളിലൂടെയാണ് കേരളത്തില്‍ രാഷ്ട്രീയവും രാഷ്ട്രീയ പാര്‍ട്ടികളും വളര്‍ന്നു വന്നത്. ഐക്യ കേരളം രൂപപ്പെടുന്നതിനു മുമ്പുതന്നെ ഇവിടെ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചിരുന്നു. രാജഭരണത്തിനും സര്‍ സിപിയുടെ ഏകാധിപത്യത്തിനുമെതിരെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയിരുന്നു.
ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് സര്‍വകലാശാലാ സെനറ്റുകളിലേയ്ക്കു നോമിനേഷന്‍ നടത്തുമ്പോള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിനിറങ്ങുക സ്വാഭാവികം മാത്രം. അതും കലാപ്രതിഭകളെയും റാങ്ക് ജേതാക്കളെയും മറ്റും ഉള്‍പ്പെടുത്തി വൈസ് ചാന്‍സലര്‍ നല്‍കിയ പട്ടിക മാറ്റിവെച്ച്. അതുകൊണ്ടുതന്നെ ഗവര്‍ണര്‍ നല്‍കിയ പേരുകള്‍ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

ഒരു സര്‍വകലാശാലയില്‍ മികവും യോഗ്യതയുമുള്ള കുട്ടികള്‍ ആരെന്നു കണ്ടുപിടിക്കാന്‍ വൈസ് ചാന്‍സലര്‍ക്കല്ലേ യോഗ്യത ?

ഗവര്‍ണര്‍ സര്‍വകലാശാലയുടെ ചാന്‍സലര്‍കൂടി ആയിരിക്കുമെന്നത് നിയമം വഴി ലഭ്യമായ ഒരധികാരമാണ്. ആ നിയമമാവട്ടെ, കേരള നിയമസഭ പാസാക്കിയതും. തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങള്‍ ചേര്‍ന്ന് നിയമപ്രകാരം പാസാക്കിയ നിയമമനുസരിച്ച്.
സുപ്രീം കോടതി വിശദീകരിച്ചതും ഇതുതന്നെയാണ്. അധികാരം തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കാണ്, തെരഞ്ഞെടുക്കപ്പെടാത്ത ഗവര്‍ണര്‍ക്കല്ല എന്നാണ് സുപ്രീം കോടതി ആവര്‍ത്തിച്ചു പറഞ്ഞത്.

By admin

Leave a Reply

Your email address will not be published. Required fields are marked *