കൊച്ചി: ജോസ് മാവേലി വീണ്ടും ആലുവ ജനസേവയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. മഹനാമി ഹോട്ടൽ ഹാളിൽവച്ച് നടന്ന ആലുവ ജനസേവയുടെ 28-ാമത് വാർഷിക ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്. 
അഡ്വ. ചാർളി പോൾ പ്രസിഡൻ്റായും ഇന്ദിരാ ശബരിനാഥ് ജനറൽ സെക്രട്ടറിയായും എം.സി ലൂക്കാ ട്രഷററായും, പി.സി. കുഞ്ഞുമോൻ – വൈസ് പ്രസിഡന്‍റായും, മേഴ്സി വിനു ജോ. സെക്രട്ടറിയായും മണി വി, ക്ലാരമ്മ കെ.ഒ. എന്നിവർ മെമ്പർമാരായുമുള്ള ഏഴംഗ മാനേജ്‌മെൻ്റ് കമ്മറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. 
മുഖ്യ രക്ഷാധികാരിയായി പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ്, രക്ഷാധികാരിമാരായി സിനിമാതാരം കവിയൂർ പൊന്നമ്മ, ഡോക്ടർ സി. എം. ഹൈദരാലി, വൈസ് ചെയർമാനായി കെ. ജെ. ജോസഫ്, കൺവീനറായി ജോബി തോമസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
2018 ൽ ജനസേവയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്ത് കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിച്ച് ജോസ് മാവേലിയെ അറസ്റ്റ് ചെയ്‌ത്‌ ജയിലിൽ അടച്ചപ്പോൾ അദ്ദേഹം തന്നെയായിരുന്നു ജനസേവയുടെ ചെയർമാൻ. 
കോടതിയിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചതിനുശേഷമേ താൻ ഇനി ജനസേവയുടെ നേതൃത്വത്തിലേക്കുള്ളൂ എന്ന് പറഞ്ഞ് അദ്ദേഹം അന്ന് ആ സ്ഥാനം രാജി വെച്ചിരുന്നു. 
കഴിഞ്ഞ ഓഗസ്റ്റ് മാസം ജോസ് മാവേലിക്കെതിരെ ചാർജ് ചെയ്‌ത കേസുകളിൽ അദ്ദേഹം കുറ്റക്കാരനല്ല എന്ന് കണ്ട് ആലുവ പോക്സോ കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു. അങ്ങനെ തനിക്കെതിരെയുള്ള ആരോപണങ്ങളിൽ അഗ്നിശുദ്ധി വരുത്തിയാണ് അദ്ദേഹം വീണ്ടും ജനസേവയുടെ നേത്യ സ്ഥാനത്തേക്ക് തിരികെയെത്തിയിരിക്കുന്നത്. 
2020-08 ‘ശിശുഭവൻ്റെ’ പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും നിരവധി നിർധന വിദ്യാർത്ഥികൾക്ക് അടിസ്ഥാന-തൊഴിലധിഷ്ടിത വിദ്യാഭ്യാസ സഹായങ്ങൾ നല്‌കിയും ലാപ്ടോപ്പ്, സൈക്കിൾ, യൂണിഫോം തുടങ്ങിയ പഠനോപാധികൾ നല്‌കിയും ജീവകാരുണ്യ മേഖലയിൽ ഇന്നും സജീവമാണ്. 
കേരള മുഖ്യമന്ത്രി നയിക്കുന്ന നവകേരള സദസ്സിൽ തെരുവിലലയുന്ന കുട്ടികളുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർസംവിധാനങ്ങളോട് ചേർന്ന് അതിദരിദ്ര- നാടോടി വിഭാഗത്തിൽപെട്ട സ്ത്രീകൾക്കിടയിൽ കുടുംബാസൂത്രണ പദ്ധതി പ്രോത്സാഹിപ്പിക്കുന്ന നവീന പദ്ധതി അവതരിപ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ് ജനസേവ. 
കുടുംബാസൂത്രണ സർജറിക്ക് വിധേയരാകുന്ന അതിദരിദ്ര- നാടോടി വിഭാഗത്തിൽപെട്ട പതിനെട്ടിനും നാല്പ‌തിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രോത്സാഹനമായി പതിനായിരം രൂപ വീതം ജനസേവ പാരിതോഷികം നല്‌കുന്നതാണ് ഈ പദ്ധതി.

By admin

Leave a Reply

Your email address will not be published. Required fields are marked *