തിരുവനന്തപുരം: സർവകലാശാലകളിലെ അച്ചടക്കം തിരികെ കൊണ്ടുവരണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് സർവകലാശാലയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്ത് മടങ്ങിയെത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ ആക്രമിച്ച എസ്എഫ്ഐക്കാർക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട്ടെ ജനങ്ങൾ വലിയ സ്നേഹം കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ എല്ലാ വിദ്യാർഥികളേയും പ്രതിനീധികരിക്കുന്ന സംഘടന അല്ല. താൻ മറുപടി പറയേണ്ടത് രാഷ്ട്രപതിയോടാണ്. മാധ്യമങ്ങൾ ചോദ്യങ്ങൾ വഴിതിരിച്ചുവിടുന്നുവെന്നും ഗവർണർ ക്ഷോഭിച്ചു പറഞ്ഞു.
സിപിഎം പ്രവർത്തകരുടെ നിയമനത്തിൽ കോഴിക്കോട് വച്ച് പലരും തന്നോട് പരാതിപ്പെട്ടു. സർവകലാശാലയിൽ രാഷ്ട്രീയ ഇടപെടൽ അനുവദിക്കില്ല. എസ്എഫ്ഐ മാത്രമാണോ സംഘടന?. ബാക്കിയുള്ളവർ എന്തേ പ്രതിഷേധിക്കാത്തത്?. മിഠായിത്തെരുവിൽ ഒരു സുരക്ഷാപ്രശ്നവും ഉണ്ടായിട്ടില്ല. വർധിപ്പിച്ച സുരക്ഷ പിൻവലിക്കാൻ രാജ്ഭവനാണ് പറഞ്ഞതെന്നും ഗവർണർ വ്യക്തമാക്കി.