ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന ‘800’ എന്ന സിനിമ ഒടിടിയിലൂടെ റിലീസ് ചെയ്തു. ജിയ സിനിമയിലൂടെ ചിത്രം സൗജന്യമായി ആസ്വദിക്കാം. ബോളിവുഡ് നടൻ മധുർ മിറ്റാൽ ആണ് മുരളീധരനായി വേഷമിടുന്നത്. സ്ലം ഡോഗ് മില്യനെയർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മധുർ.
എം.എസ് ശ്രീപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനാഥനായി വളര്‍ന്ന ഒരു ബാലന്‍ ലോകത്ത് ഏറ്റവും വിക്കറ്റെടുത്ത ക്രിക്കറ്റായി വളര്‍ന്ന കഥയാണ് പറയുന്നത്. മധി മലർ എന്ന കഥാപാത്രമായി മഹിമ നമ്പ്യാർ എത്തുന്നു. വെങ്കട്ട് പ്രഭുവിന്റെ അസോഷ്യേറ്റ് ആയിരുന്ന ശ്രീപതി 2010ൽ ‘കനിമൊഴി’ എന്ന ചിത്രം സംവിധാനം ചെയ്ത് സംവിധാന രംഗത്തെത്തി.
ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്‌ട്രേലിയ എന്നിവിടങ്ങളാണ് 800ന്റെ പ്രധാന ലൊക്കേഷൻസ്. തമിഴ്, തെലുഗ്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലാണ് ചിത്രം റിലീസിനായി തയാറെടുക്കുന്നത്. നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സഹ നിർമാതാവ് വിവേക് രംഗാചരി,പ്രൊഡക്ഷൻ ഡിസൈനർ വിദേശ്. ആർ.ഡി രാജശേഖറാണ് ക്യാമറ. സംഗീതം ഗിബ്രാൻ. എഡിറ്റിങ് പ്രവീൺ കെ.എൽ.
നേരത്തെ വിജയ് സേതുപതിയെ നായകനാക്കി പ്രഖ്യാപിച്ച സിനിമയായിരുന്നു ഇത്. സേതുപതി, മുരളീധരന്റെ ലുക്കിലെത്തുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും വൈറലായിരുന്നു. എന്നാൽ ഇൗ സിനിമയ്ക്കും താരത്തിനും എതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ചിത്രത്തിൽ നിന്നും വിജയ് സേതുപതിക്കു പിന്മാറേണ്ടി വന്നു. ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ മുരളീധരൻ ന്യായീകരിച്ചുവെന്നും മഹിന്ദ രജപക്ഷയ്ക്കു അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു വിജയ് സേതുപതിക്കെതിരായ പ്രതിഷേധം. ഭാവിയെ ബാധിക്കുമെന്നതിനാൽ ചിത്രത്തിൽ നിന്നു പിന്മ‍ാറാൻ മുരളീധരൻ, വിജയ് സേതുപതിയോട് അഭ്യർഥിച്ചതിനു പിന്നാലെയായിരുന്നു താരത്തിന്റെ തീരുമാനം.

By admin

Leave a Reply

Your email address will not be published. Required fields are marked *