ശബരിമല: ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം. അവധി ദിവസമായതിനാൽ ഇന്ന് 90000 പേരാണ് വെര്‍ച്വൽ ക്യൂവഴി ബുക്ക് ചെയ്തത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ തുടർച്ചയായി മൂന്നാം ദിവസവും കുറവുണ്ട്.
മണ്ഡല-മകരവിളക്ക് കാലത്തെ സാധാരണരീതിയിലുള്ള തിരക്ക് മാത്രമാണ് ഇപ്പോൾ സന്നിധാനത്തുള്ളത്. ഭക്തർക്ക് പമ്പയിൽനിന്ന് അഞ്ചും ആറും മണിക്കൂറിനുള്ളിൽ സന്നിധാനത്തെത്തി ദർശനം നടത്താൻ കഴിയുന്നുണ്ട്.
പുലര്‍ച്ചെ ഒരു മണി മുതൽ ആറര മണി വരെ 21000 പേർ പതിനെട്ടാം പടി ചവിട്ടിയെന്നാണ് കണക്ക്. തിരക്ക് ഉണ്ടെങ്കിലും നിയന്ത്രണ വിധേയമാണ് സ്ഥിതി.
ഇന്നലെ രാത്രി 12 മണി വരെ 84,793 പേർ പതിനെട്ടാം പടി കയറിയിരുന്നു. പമ്പയിൽ തിരക്കായതോടെ സത്രം – പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് വരുന്നവരുടെ എണ്ണം കൂടുന്നുണ്ട്.