ലേസർ വിഷൻ കറക്‌ഷൻ സർജറി നടത്തിയ അനുഭവം പങ്കുവച്ച് നടി അഹാന കൃഷ്ണ. കണ്ണടയും പിന്നെ കോൺടാക്റ്റ് ലെൻസുമായി 16 വർഷത്തെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞ സന്തോഷമാണ് അഹാന കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്. ഇത്രയും വർഷത്തിനിടയിലുള്ള തന്റെ കാഴ്ച്ചയിലെ വ്യത്യാസങ്ങളും സർജറിയെക്കുറിച്ചുള്ള അനുഭവങ്ങളും അഹാന വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.
സ്‌മൈൽ എന്ന ലേസർ വിഷൻ കറക്‌ഷൻ സർജറിക്കാണ് അഹാന വിധേയമായത്. സർജറിക്കു പോകുന്ന വിഡിയോയും അതിന്റെ അനുഭവങ്ങളും ഒരു വിഡിയോയിലൂടെ നടി പങ്കുവയ്ക്കുന്നുണ്ട്.‘‘ഈ വിഡിയോ നൂറു ശതമാനം എന്റെ വ്യക്തിപരമായ അനുഭവമാണ്.  ഈ വിഡിയോ ചെയ്തത് ഏതെങ്കിലും പ്രൊസീജിയറിനെയോ ആശുപത്രിയെയോ പ്രമോട്ട് ചെയ്യാൻവേണ്ടി അല്ല.  ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ഡോക്ടർമാരോട് ഞാൻ സംസാരിച്ചതിന് നിന്നും ഇന്റർനെറ്റിൽ തിരഞ്ഞതിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങളാണ്. ഇതിൽ ഒരുപക്ഷേ തെറ്റുകുറ്റങ്ങൾ ഉണ്ടാകാം അതുകൊണ്ട് എന്റെ വിഡിയോ കണ്ണുമടച്ച് പിന്തുടരാതെ സ്വയം കാര്യങ്ങൾ മനസിലാക്കുകയും വിദഗ്ധരുടെ ഉപദേശം തേടുകയും ചെയ്യുക.  വിദഗ്ധരായ ഡോക്ടർമാരുടെ ഉപദേശം ഉൾക്കൊണ്ടു മാത്രമേ ഏതു ശസ്ത്രക്രിയയ്ക്കും വിധേയരാക്കാൻ പാടുള്ളൂ.
എന്റെ കണ്ണിന്റെ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ ലാസർ സർജറിക്ക് വിധേയയായി.  ഈ ഒരു പ്രക്രിയയിലൂടെ കടന്നുപോയ എന്റെ മുഴുവൻ അനുഭവങ്ങളും പങ്കുവയ്ക്കാനാണ് ഞാൻ ഈ വിഡിയോ പങ്കുവയ്ക്കുന്നത്. ഇതു ചെയ്യാൻ കാരണം കുറെ വർഷങ്ങൾ കഴിയുമ്പോൾ എന്റെ ഈ അനുഭവം ഒന്നുകൂടി കാണാൻ വേണ്ടിയിട്ടാണ്.  എല്ലാ കാര്യങ്ങളും നമ്മൾ ഓർത്തിരിക്കണം എന്നില്ലല്ലോ.  ഈ ചികിത്സ തേടുന്നതിന് മുൻപ് ഇത് ചെയ്ത മറ്റൊരാളുടെ അനുഭവം നേരിട്ട് മനസിലാക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കാരണം ഒരു ശസ്ത്രക്രിയ ചെയ്യുന്നതിന് മുൻപ് നമ്മുടെ മനസ്സിൽ പതിനായിരം ചോദ്യങ്ങളുണ്ടാകും. പക്ഷേ എനിക്ക് അങ്ങനെ ഒരു വിഡിയോ കാണാൻ ,അതുകൊണ്ട് ഞാൻ ഈ വിഡിയോ ചെയ്‌താൽ മറ്റുള്ളവർക്ക് അത് ഉപകാരപ്പെടുമെങ്കിൽ ആകട്ടെ എന്നുകരുതി.  
ഞാൻ ചെയ്ത ശസ്ത്രക്രിയയുടെ പേര് സ്‌മൈൽ എന്നാണു. ഇത് ഒരു ലേസർ സർജറി ആണ്. നമുക്ക് എല്ലാവർക്കും അറിയാവുന്നത് ലാസിക് എന്ന സർജറി ആണ്. മൂന്നു തരാം ലേസർ ശസ്ത്രക്രിയകളാണ് നമുക്ക് ഇന്ന് ഉള്ളത്. ഒന്ന് ലാസിക്, പിന്നെ ഉള്ളത് ട്രാൻസ് പിആർകെ (ഫോട്ടോ റിഫ്രാക്ടിവ് കേരാറ്റക്ടമി), മൂന്നാമത്തേത് സ്‌മൈൽ (സ്മാൾ ഇൻസിഷൻ ലെന്റിക്യൂൾ എക്സ്ട്രാക്ഷൻ).  
ഏകദേശം പതിനാറു വർഷം പിന്നിലേക്ക് പോയാൽ ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് കണ്ണട വക്കുന്നത്.  എനിക്ക് ബോർഡിൽ എഴുതിയത് കാണാൻ പറ്റുന്നില്ല എന്ന് ഞാൻ വീട്ടിൽ വന്നു പരാതി പറയാറുണ്ടായിരുന്നു. പക്ഷേ എന്റെ അച്ഛനും അമ്മയും വിചാരിച്ചത് കണ്ണാടി വയ്ക്കാനുള്ള എന്റെ ആഗ്രഹം കാരണം വെറുതെ പറയുന്നതാണ് എന്ന്.  നാലഞ്ച് പിള്ളേരുള്ള വീടാകുമ്പോ എല്ലാവരും പറയുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ ഒന്നും അച്ഛനമ്മമാർ കാര്യമായി എടുക്കാറില്ല.  അങ്ങനെ ഒടുവിൽ ഞാൻ ശരിക്കും കാണാൻ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോ വാസൻ ഐ കെയറിൽ കൊണ്ടുപോയി കണ്ണ് ടെസ്റ്റ് ചെയ്തു.  
അവിടെ എഴുതികാണിച്ചതൊക്കെ വായിക്കാൻ ഞാൻ വിജയകരമായി പരാജയപെട്ടു.  അന്ന് വായിക്കാൻ പറ്റാതിരുന്നതിൽ എനിക്ക് ത്രില്ല് ആയിരുന്നു കാരണം ഞാൻ പറഞ്ഞത് ശരിയായല്ലോ.  കണ്ണാടി വച്ചതിനു ശേഷം ഞാൻ സ്കൂളിലെ ഏറ്റവും കൂൾ ആയ കുട്ടിയായി എന്ന് എനിക്ക് തോന്നി. എന്റെ സ്‌പെക്‌സി ലുക്കിൽ ഞാൻ ഒരുപാട് അഭിമാനിച്ചു. പതിയെ പതിയെ കണ്ണാടി വക്കുന്നത് അത്ര കൂൾ ആയ കാര്യമല്ല എന്ന് എനിക്ക് തോന്നി. പിന്നെ പിന്നെ പല പല ഷേപ്പിലുള്ള കണ്ണാടികൾ ഫാഷൻ മാറുന്നതിനൊപ്പം ഞാൻ പരീക്ഷിച്ചു. പക്ഷേ കണ്ണാടി ഇല്ലെങ്കിലും എനിക്ക് ബുദ്ധിമുട്ടി നോക്കിയാൽ കാണാൻ പറ്റുമായിരുന്നു. പിന്നീട് ഞാൻ കണ്ണാടി ഉടുപ്പിൽ തൂക്കി ഇട്ടോണ്ട് നടക്കാൻ തുടങ്ങി കാരണം അതൊരു ഫാഷനായി എനിക്ക് തോന്നിയിരുന്നു.’’–അഹാന പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *