മക്കളെ വളരെയേറെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കി പ്രാപ്തരാക്കിയശേഷം അവരുടെ വൃദ്ധാവസ്ഥയിൽ അവരെ തിരിഞ്ഞു നോക്കാത്ത പലരെയും എനിക്ക് നേരിട്ടറിയാം.
അവരുടെ ദൈന്യതയിൽ സഹായിക്കാൻ ചെന്ന എന്നെ അപമാനിച്ച ചില മക്കളുമുണ്ട്.
വൃദ്ധാവസ്ഥയിൽ സർക്കാർ നൽകുന്ന 1600 രൂപ പെൻഷനും റേഷൻ കടകളിലൂടെ ലഭിക്കുന്ന അരിയും സർക്കാർ ആശുപത്രികളിലെ മരുന്നുമാണ് പലരുടെയും ജീവൻ നിലനിർത്തുന്ന ഘടകം.
ആത്മീയതയുടെ പരിവേഷവുമായി മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ ആരാധനാലയങ്ങളിൽ സ്ഥിര സാന്നിദ്ധ്യമാകുമ്പോൾ മാതാപിതാക്കൾ അയൽവീടുകളിൽ ആഹാരത്തിനും മരുന്നു വാങ്ങാനുമായി കൈനീട്ടുന്ന അവസ്ഥ നേരിൽക്കണ്ട അനുഭവ സാക്ഷ്യവുമുണ്ട്.
മാതാപിതാക്കളെ വളരെ നിര്ദയമായി മർദ്ദിക്കുന്ന മക്കളെയും നേരിട്ടറിയാം. മർദ്ദനം സഹികെട്ടപ്പോൾ പോലീസിൽ പരാതിപ്പെടാൻ ഒന്നു രണ്ടുസാധുക്കൾ എന്റെയടുത്തുവന്നിട്ടുണ്ട്, ഞാൻ സഹായിച്ചിട്ടുമുണ്ട്.
മർദ്ദിച്ചതിന്റെ പരാതിയുമായി പോലീസ് സ്റ്റേഷനിൽച്ചെന്ന ശേഷം ‘മകനെ ഉപദ്രവിക്കല്ലേ സാറേ’ എന്ന് എസ്എച്ച്ഒയോട് പറഞ്ഞ മാതൃത്വത്തെ അറിയാതെ നമിച്ചുപോയി.
മകന്റെ മർദ്ദനം സഹിക്കവയ്യാതെ പൗരപ്രമുഖരോടെല്ലാം പോയി പരാതിപറഞ്ഞ വ്യക്തിയുടെ ദുരൂഹ മരണത്തിനും സാക്ഷിയാണ് ഞാൻ.
മക്കൾ തിരിഞ്ഞുനോക്കാതെ, മതിയായ ആഹാരമോ ചികിത്സയോ ലഭിക്കാതെ അവർ മരണപ്പെട്ടുകഴിഞ്ഞ ശേഷമുള്ള അപാരദുഖാഭിനയവും പ്രകീർത്തനങ്ങളുമാണ് അരോചകവും ആഭാസകരവും.
അത്തരം സർപ്പസന്തതികളുള്ള ഭവനങ്ങളിൽ മരണശേഷമുള്ള ചടങ്ങുകൾക്ക് പോകാറില്ല. കാപട്യത്തോട് കടുത്ത അമർഷം തന്നെയാണ് കാരണം.
എന്നാൽ വയസ്സായ മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്ന പല മക്കളെയും ഞാൻ കണ്ടിട്ടുണ്ട്. അവരെ ഞാൻ എപ്പോഴും അഭിനന്ദിക്കാറുമുണ്ട്. അപ്പോഴും മുൻതൂക്കം ആദ്യം പറഞ്ഞ പകൽമാന്യന്മാരായ പൊയ്മുഖക്കാർക്കാണ്.
അശരണരും നിസ്സഹായരുമായ വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കാത്ത, അവരെ ശാരീരികമായി ഉപദ്രവിക്കുന്ന സന്തതികൾക്കെതിരെയുള്ള നിലപാടുകൾക്ക് ഇനിയും ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. അവരിനി എത്ര വലിയ സംഘടിത ശക്തികളുടെ ഭാഗമായാലും ശരി…