പാലക്കാട്: ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയാക്കിയത് കീഴ്വഴക്കം ലംഘിച്ചെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുൻ മന്ത്രിയുമായ കെ.ഇ ഇസ്മായില്‍. കാനം രാജേന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ലെന്ന് ഇസ്മയില്‍ തുറന്നടിച്ചു.
പിന്തുടര്ച്ച അവകാശം കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്. പ്രകാശ് ബാബുവും ചന്ദ്രമോഹനനും ഈ നടപടിക്രമം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അത് ബിനോയ് വിശ്വത്തോടുള്ള വിയോജിപ്പുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടത്. ബിനോയ് വിശ്വത്തിന് താത്ക്കാലിക ചുമതലയാണ് നല്‍കിയത്. ഡിസംബര്‍ 28ന് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറി ആരാണെന്നത് സംബന്ധിച്ച അന്തിമ തീരുമാനം അന്നുണ്ടാകുമെന്നും ഇസ്മായില്‍ പ്രതികരിച്ചു.