‘വിനാശകാലേ വിപരീത ബുദ്ധി’: കേരളത്തിന്റെ നവോത്ഥാന നായകനെന്ന് സ്വയം സങ്കൽപ്പിക്കുന്ന നമ്മുടെ കപ്പിത്താനെ ആരോ പിന്നിൽ നിന്നോ മുന്നിൽ നിന്നോ ചതിക്കുന്നുണ്ട് എന്ന് വേണം കരുതാൻ. കാരണം ശമ്പളം കിട്ടാത്തതോ അല്ലെങ്കിൽ സഖാക്കളുടെ പിൻവാതിൽ നിയമനം ലഭിക്കാത്തതോ ആയ ഒരു ഉപദേശകന്റെ തലയിൽ ഉദിച്ച ആശയമായിരിക്കാം ഇന്നിപ്പോൾ പൊളിച്ചു പൊളിച്ചു മുന്നേറി കൊണ്ടിരിക്കുന്ന ഈ നവകേരള സദസ്സ്.

‘വെളുക്കാൻ തേച്ചത് പാണ്ടായി’ എന്നതാണ് സത്യം. പക്ഷെ ആ സത്യം മൂടിവെക്കുവാൻ ലോക്കൽ കമ്മറ്റികളും ഏരിയ കമ്മറ്റികളും ജില്ലാക്കമ്മറ്റികളും, പോലീസുകാരും, കുടുംബശ്രീക്കാരും, തൊഴിലുറപ്പുകാരും, ബംഗാളികളും ഒരുമിച്ചു നിന്നു ശ്രമിക്കുകയാണ്.

സാധാരണ കമ്മ്യുണിസ്റ്റ് പാർട്ടികളുടെ ഒരു പൊതുയോഗമോ ജാഥയോ റാലിയോ വന്നാൽ പാടത്ത് പണിയെടുക്കുന്ന ജനകിഏടത്തി മുതൽ വേലായുധനും സുബ്രഹ്മണ്യനും ഒക്കെ നേരത്തെ തന്നെ എത്തിച്ചേർന്നിരുന്ന കാലഘട്ടം അവസാനിച്ചു. നവബംഗാൾ ഉണ്ടാക്കാൻ ശ്രമിച്ച ജ്യോതിബാസുവിന്റെ അണികളായ പൊറോട്ടക്കാരാണ് പാർട്ടിയുടെ പരിപാടികൾ പരിപോഷിപ്പിച്ചു പോരുന്നത്.

കൊടുത്താൽ കൊല്ലത്തും …
‘കൊടുത്താൽ കൊല്ലത്തും കിട്ടും’ എന്നതാണ് ഓരോരോ ദിവസവും ഓരോ മണ്ഡലങ്ങളിലും ഒരു യൂത്ത് കോൺഗ്രസ്സ് അല്ലെങ്കിൽ യൂത്ത് ലീഗുകാരൻ വെച്ചുനീട്ടുന്ന കരിങ്കൊടികൾ. 

ശബരിമലയിലേക്ക് പോകേണ്ടിയിരുന്ന പൊലീസുകാരെ ഒന്നടങ്കം റോഡുവക്കുകളിൽ അണിനിരത്തിയിട്ടും, യൂണിഫോമിട്ട പാർട്ടിഗുണ്ടകളെ കൂടെ കൂട്ടിയിട്ടും കറുത്ത ഷൂവായും കറുത്ത കൊടി ആയും നവോത്ഥാന നായകനെ സ്വീകരിക്കുന്നത് കാണുമ്പോള്‍ ഓർമ്മവരുന്നത് ഈ കപ്പിത്താൻ കേരളത്തിൽ കാണിച്ചുകൂട്ടിയ കരിങ്കൊടി – കരി ഓയിൽ- കരിമണൽ  പ്രയോഗങ്ങളാണ്. 

അമേരിക്കൻ പ്രസിഡണ്ടിനു ഇറാഖിൽ വരവേൽപ്പു നൽകിയ ഷൂ ഇന്നിപ്പോൾ കേരളത്തിന്റെ നായകന്റെ ഉറക്കം കളഞ്ഞു കുറിച്ചിരിക്കുന്നു. കരുണാകരനും ഉമ്മൻചാണ്ടിയുമൊക്കെ മേലെ ഇരുന്ന് ചിരിക്കുന്നുണ്ടാകും.
റെഡി എന്നു പറയുമ്പോള്‍ സ്പോണ്‍സേര്‍ഡ് ആവേശം 

‘ഉപ്പോളം വരില്ല ഉപ്പിലിട്ടത് ‘. രാഹുൽ ഗാന്ധി നടന്നു നടത്തിയ ഭാരത ജോഡോ യാത്രയും ഉമ്മൻചാണ്ടിയുടെ അവസാന യാത്രയും ടിവിയിൽ കണ്ടപ്പോൾ മുതൽ തുടങ്ങിയ വ്യാമോഹമാണ് ഇന്നിപ്പോൾ ഒരു കീറാമുട്ടിയാത്രയായി പരിണമിക്കുന്നത് . 
യാതൊരു പ്ലാനിങ്ങും ഓർഗനൈസിംഗും ഇല്ലാതെ എങ്ങനെയൊക്കെയോ നടന്നുപോയ ആ രണ്ടു യാത്രകളിലും കാണാനായ ജനകീയതയും സ്വീകാര്യതയും എന്തുകൊണ്ട് എനിക്കും ആയിക്കൂടാ അല്ലെങ്കിൽ കിട്ടിക്കൂടാ എന്ന് ആ അഹങ്കാര മനസ്സിൽ തോന്നിയപ്പോൾ ഒന്നും ചിന്തിക്കാതെ ഒരു ബസ് വാങ്ങി . 
ആ ബസ്സിൽ ആരുമറിയാത്ത അല്ലെങ്കിൽ ആർക്കും വേണ്ടാത്ത കുറെ മന്ത്രിമാരെ കുത്തിനിറച്ചു തുടങ്ങിയ യാത്ര ഇന്നിപ്പോൾ എങ്ങനെ അവസാനിപ്പിക്കും, എവിടെ അവസാനിപ്പിക്കും, എപ്പോൾ അവസാനിപ്പിക്കും എന്നറിയാതെ നട്ടം തിരിയുകയാണ്.

നാട്ടുകാര്‍ വിചാരിച്ചത് പരാതി സ്വീകരിക്കാനാണ് യാത്രയെന്നാണ്. തുടങ്ങിയപ്പോഴേ പ്രതിപക്ഷം പറഞ്ഞതാണ് സര്‍ക്കാര്‍ ചിലവിലെ തെരെഞ്ഞെടുപ്പ് മുന്നൊരുക്കമാണ് പദ്ധതിയെന്ന്. അന്ന് പ്രതിപക്ഷത്തെ വിമര്‍ശിച്ചു. ഒടുവില്‍ പാലായിലെത്തിയപ്പോള്‍ ചാഴികാടന്‍ എംപി എന്തോ പരാതി പറഞ്ഞപ്പോള്‍ ആണ് കള്ളി വെളിച്ചത്തായത്. അപ്പോള്‍ മുഖ്യന്‍ തന്നെ തെളിച്ചങ്ങ് പറഞ്ഞു – ഇത് പരാതി സ്വീകരിക്കലല്ല, പരാതി പറയല്‍ പരിപാടി ആണെന്ന്.

അതിനാനോ ഈ പെടാപ്പാടൊക്കെ ? പണം കൊടുത്ത് ബസില്‍ ആളുകളെ ഒഴുക്കിക്കൊണ്ടു വന്നിട്ട് പറയുമാണ് ജനം ഇങ്ങനെ ഒഴുകി വരികയാണെന്ന് … ആവേശമാണെങ്കില്‍ സ്പോണ്‍സേര്‍ഡ്. റെഡി എന്നു പറയുമ്പോള്‍ കുറെ ആളുകള്‍ എന്തോ ആവേശം കൊള്ളുന്നു ! 
ഒന്നോര്‍ക്കുക .. ഒരു ബസിലും ആളെ ഇറക്കാതെ ഇരുപതിനായിരം പേര്‍ ഗ്രൌണ്ടില്‍ തിങ്ങി നിറഞ്ഞു നില്‍ക്കുമ്പോള്‍ മുഴുവന്‍ ആളുകളെയും നേരില്‍ കണ്ടു കണ്ണീരൊപ്പി 19 മണിക്കൂര്‍ നേരം ഒരേയൊരു നില്പ്. അതായിരുന്നു ജന സാമ്പര്‍ക്കം. ജനമനസ് അറിയാത്തവര്‍ക്ക് എന്ത് ജനസദസ് ? 
ചക്ക വീണപ്പോൾ …
‘ചക്ക വീണപ്പോൾ മുയല് ചത്തു ; എന്ന കണക്കിൽ കിട്ടിയ രണ്ടാം ഭരണത്തിൽ നെഗളിച്ചുകൊണ്ടാണ് കാര്യങ്ങൾ നീക്കിയിരുന്നത്. 

രണ്ടു പ്രളയവും, രണ്ടു കോവിഡും കാരണം ദാനമായി കിട്ടിയ ഭരണത്തിൽ സകലമാന സഖാക്കളും, കുട്ടിസഖാക്കളും, ഇടതു ചിന്തകരും, ഇടതു സാഹിത്യ സാംസ്‌കാരിക നായകളും, സിനിമാക്കാരും, സോഷ്യൽ മീഡിയയിലെ കൂലി എഴുത്തുകാരും, ഭൂരിപക്ഷം മാധ്യമ പ്രവർത്തകന്മാരും അഹങ്കരിച്ചപ്പോൾ കരുവന്നൂറും, കരിമണലും, കരിങ്കൊടിയും പാർട്ടിയുടെ ശവക്കുഴി തോണ്ടി തുടങ്ങിയിരുന്നു.

ബന്ധുനിയമനങ്ങൾ മന്ത്രി സ്ഥാനങ്ങളിൽ വരെ എത്തിയപ്പോൾ കൂടെയുള്ള ബാലന്മാരും ജയരാജന്മാരും കളം മാറ്റി ചവുട്ടി തുടങ്ങിയിരിക്കുന്നു.
മിന്നുന്നതെല്ലാം …
‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന് കെസ്ആര്ടിസിയിലെ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കൂടാതെ പെൻഷൻ കിട്ടാത്ത പാവങ്ങൾക്കും കിറ്റുകൾ കിട്ടാത്ത അനുഭാവികൾക്കും ഒക്കെ ഏതാണ്ട് മനസ്സിലാക്കുവാൻ ഈ ഭരണത്തിൽ സാധിച്ചു എന്നതാണ് ഒരു ശരാശരി സഖാവിന്റെ ജീവിതത്തിൽ കിട്ടിയ സമ്പാദ്യം . 
കരുവന്നൂരിലും മറ്റുള്ള സഹകരണ ബാങ്കുകളിലും പണം പോയവരും ഇന്നിപ്പോൾ ശമ്പളം പകുതിയാകുമ്പോൾ അനുഭവിക്കേണ്ടി വരുന്നവരും ഒക്കെ കൂടി ഒന്നുറക്കെ തുമ്മിയാൽ തെറിക്കാവുന്ന മൂക്കേ ഈ ബസ്സിലൂടെ കടന്നുപോകുന്നുള്ളൂ. ശരിക്കും പറഞ്ഞാൽ ജനം സംഘടിക്കണം. കേരളം എന്തെന്ന് മനസ്സിലാക്കി കൊടുക്കണം .
ചക്കിനു വെച്ചത്  
‘ചക്കിനു വെച്ചത് കൊക്കിനു കൊള്ളുന്നു’ എന്നതാണ് വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞടുപ്പിൽ സംഭവിക്കാൻ പോകുന്നത്. കേവലം പത്തു സീറ്റെങ്കിലും തരപ്പെടുത്താൻ ഇറങ്ങിപ്പുറപ്പെട്ട ഈ നവകേരള യാത്രാ സദസ്സുകൊണ്ട് ഉണ്ടായിരുന്ന ആ ഒരു കനൽത്തരിയും നഷ്ടപ്പെടും എന്നാണ് വിലയിരുത്തൽ. 

ബിജെപിയെ സംബന്ധിച്ചിടത്തോളം തൃശൂർ സീറ്റു പിടിക്കാൻ മുക്രയിടുമ്പോൾ അതിനുള്ള വഴി ഒരുക്കി കൊടുക്കുന്ന കാഴ്ചകളാണ് ഇന്നിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് സംസ്ഥാന ബിജെപിയെ സംബന്ധിടത്തോളം സിപിഎമ്മുമായി യാതൊരു കോംപ്രമൈസിനും നിൽക്കാതെ നേരെ ചൊവ്വേ പ്രവർത്തിച്ചാൽ കേരളത്തിൽ വിജയിക്കാം. 

പക്ഷെ സിപിഎമ്മിനെ വരിഞ്ഞു മുറുക്കാൻ അവസരം കയ്യിൽ വന്നിട്ടും അതൊന്നും ചെയ്യാതെ ഇന്നിപ്പോൾ ഫണ്ടുകൊടുക്കാതെ ഈ ചെയ്യുന്നതിൽ അർത്ഥമില്ല. സ്വർണ്ണവും ഡോളറും സഹകരണബാങ്കുകളും മര്യാദക്ക് അന്വേഷിച്ചാൽ പൂട്ടാവുന്നതേയുള്ളൂ നവോത്ഥാന നായകൻ.
ദൈവം ഇത്രയേറെ കനിഞ്ഞനുഗ്രഹിച്ച ഒരു നാട് ഭൂമിയിൽ ഉണ്ടെന്നു തോന്നുന്നില്ല . പക്ഷെ ആനക്ക് കണ്ണുകൾ ചെറുത് കൊടുത്തത് പോലെ കുതിരക്ക് കൊമ്പുകൾ കൊടുക്കാത്തത് പോലെ കേരളത്തിനും കൊടുത്തു ചില രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളും നയിക്കാൻ കുറെ വിവര ദോഷികളും അഹങ്കാരികളെയും ..
അനുഭവിച്ചോ !!!
നവകേരള യാത്ര ബസിനു ഷൂ എറിയാൻ മോഹിച്ചുകൊണ്ട് പഴയ സഖാവ് ദാസനുംസ്വാമിയേ ശരണം അയ്യപ്പ വിളികളുമായി വിജയനും

By admin

Leave a Reply

Your email address will not be published. Required fields are marked *