ഫ്രണ്ട്‌സ് എന്ന ജനപ്രിയ വെബ് സീരീസിലൂടെ പ്രശസ്തനായ മാത്യു പെറിയുടെ മരണം ആരാധകരെ വലിയ രീതിയില്‍ വേദനിപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 24നാണ് താരം മരണപ്പെട്ടത്. 54 വയസ്സുകാരനായ ഇദ്ദേഹത്തെ ലോസ് ഏഞ്ചല്‍സിലെ വീട്ടിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇപ്പോഴിതാ മാത്യൂവിന്റെ മരണകാരണം വെളിപ്പെടുത്തിയുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്.
ആകസ്മികമായി കെറ്റാമൈന്‍ അമിതമായി കഴിച്ചാണ് മാത്യു പെറിയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ലഹരിക്ക് അടിമയായ മാത്യു പെറി കെറ്റാമൈന്‍ ലഹരിക്ക് വേണ്ടി ഉപയോഗിച്ചിരിക്കാം. മാത്യു പെറിയുടെ മരണകാരണം കെറ്റാമൈനിന്റെ അമിതോപയോഗത്താല്‍ ഉണ്ടായ അപകടമാണ് എന്നാണ് ലോസ് ഏഞ്ചല്‍സ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞത്.
കെറ്റാമൈന്‍ അമിതമായി ഉപയോഗിച്ചതിനാല്‍ അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ മുങ്ങി പോകുകയായിരുന്നു പെറി. മദ്യത്തിനും വേദനസംഹാരികള്‍ക്കും മാത്യു അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഹരിയില്‍നിന്ന് മുക്തനാകാന്‍ താരം പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു. എന്‍ ബി സിയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ഫ്രണ്ട്‌സില്‍ ‘ചാന്‍ഡ്‌ലര്‍ ബിംഗ്’ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്.
1994 മുതല്‍ 2004വരെ പ്രദര്‍ശനം തുടര്‍ന്ന പരിപാടിക്ക് പത്ത് സീസണുകളായിരുന്നു ഉണ്ടായിരുന്നത്. ഫ്രണ്ട്‌സിലെ സീസണ്‍ മൂന്ന് മുതല്‍ ആറ് വരെയുള്ള ചിത്രീകരണ സമയം തനിക്ക് ഓര്‍മ്മപോലും ഇല്ലെന്ന് താരം വെളിപ്പെടുത്തിയിരുന്നു. 1979 ല്‍ പുറത്തിറങ്ങിയ 240 റോബര്‍ട്ട് എന്ന സീരീസിലൂടെയാണ് വിനോദരംഗത്ത് മാത്യു അരങ്ങേറ്റം കുറിച്ചത്. ഷി ഈസ് ഔട്ട് ഓഫ് കണ്‍ട്രോള്‍, ദി കിഡ്, സെര്‍വിങ് സാറ, ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്‌സ്, 17 ഇയേഴ്സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.