തിരുവനന്തപുരം: പാർലമെന്റിൽ രണ്ടു യുവാക്കൾ അതിക്രമിച്ച് കയറിയ സംഭവത്തിൽ പ്രതികരിച്ച് നട‌ൻ പ്രകാശ് രാജ്. യുവാക്കൾ ഭീകരവാദികളാണെന്ന് പറയുന്നു. പാർലമെന്റിന്റെ സുരക്ഷ എന്താണെന്ന് ചിലർ ചോദിക്കുന്നു. എന്നാൽ ആറ് യുവാക്കൾ എന്തുകൊണ്ട് പാർലമെന്റിൽ അതിക്രമിച്ചു കയറിയെന്ന ചോദ്യം മാത്രം ഉയരുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഐഎഫ്എഫ്കെ സമാപനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

‘പാർലെന്റിൽ ആറ് യുവാക്കൾ പ്രതിഷേധം നടത്തി. അതിന് വിവിധ അഭിപ്രായങ്ങളാണുണ്ടായത്. പ്രതിഷേധിച്ച യുവാക്കൾ ഭീകരവാദികളാണെന്ന് പറയുന്നു, അവർ ഉപയോഗിച്ച പുക പരത്തുന്ന കുറ്റിയുടെ കഷണം കാണിച്ച് മാധ്യമ പ്രവർത്തകർ കോമാളി കളിക്കുന്നു, പാർലമെന്റിന്റെ സുരക്ഷ എന്താണെന്ന് ചിലർ ചോദിക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് യുവാക്കൾ ഇങ്ങനെ ചെയ്തതെന്നുള്ള ചോദ്യം മാത്രം ഉയരുന്നില്ല,’പ്രകാശ് രാജ് പറഞ്ഞു.

ജനങ്ങൾ വിഭജിക്കപ്പെട്ട, ആശയക്കുഴപ്പത്തിലായ രാജ്യത്തിലാണ് ജീവിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. കേരളത്തിലേക്ക് വരാൻ എപ്പോഴും സന്തോഷമാണ്. കേരളീയരുടെ സ്നേഹം, വിശ്വാസം, പ്രത്യേകിച്ച് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരുണ്ടായിട്ടും ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തുന്നതും ഇഷ്ടമാണ്. നിങ്ങളുടെ എഴുത്തുകാരെക്കുറിച്ചും സംവിധായകരെക്കുറിച്ചും അഭിമാനമുണ്ട്. സിനിമ പ്രദർശിപ്പിക്കുകയും അവാർഡ് നൽകുകയും മാത്രമല്ല ഫിലിം ഫെസ്റ്റിവൽ കൊണ്ട് അർഥമാക്കുന്നത്. യുവാക്കൾക്ക് വിവിധ തലത്തിലുള്ള ലോക സിനിമ കാണാനുള്ള അവസരമാണ് ഒരുക്കുന്നതെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *