കൊച്ചി: മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആര്‍എല്‍-വീണാ വിജയന്‍ സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയില്ലെന്ന് കുഴല്‍നാടന്‍ ആരോപിച്ചു. തോട്ടപ്പള്ളിയില്‍ മൂന്നുവര്‍ഷമായി കരിമണല്‍ ഖനനം നടക്കുന്നു. മാസപ്പടി എന്തിന് നല്‍കി എന്ന ചോദ്യത്തിനുള്ള ഉത്തരമാണിതെന്നും കുഴല്‍നാടന്‍ പറഞ്ഞു.
പിവി പിണറായി വിജയന്‍ അല്ല എന്ന് പറയുന്നതില്‍ എന്ത് ഔന്നിത്യമാണുള്ളതെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. മാസപ്പടിക്കും മുഖ്യമന്ത്രിക്കും ഇടയിലെ ബന്ധം തോട്ടപ്പള്ളി കരിമണല്‍ ഖനനമാണ്. തോട്ടപ്പള്ളി കരിമണല്‍ ഖനനം അനധികൃതമാണ്.
മുഖ്യമന്ത്രിക്കും മകള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയത് തോട്ടപ്പള്ളിയിലെ കരിമനല്‍ ഖനനത്തിന് സഹായം കിട്ടാനാണ്. വര്‍ഷങ്ങളോളം സിഎംആര്‍എല്ലിന് മണല്‍ ഖനനം ചെയ്യാന്‍ എല്ലാ നിയമങ്ങളും മാറ്റിയെന്നും മാത്യു കുഴല്‍നാടനന്‍ ആരോപിച്ചു.
തെളിവുകള്‍ കോടതിയില്‍ എത്തിക്കും. ചോദിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. കേരളത്തിലെ പൊതുജനങ്ങള്‍ക്ക് എല്ലാം ബോധ്യമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്നും മാത്യു കുഴല്‌നാടന്‍ വ്യക്തമാക്കി.