മലയാള സിനിമയിലെ പ്രണയ സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതികൊണ്ട് പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൂവാനത്തുമ്പികള്‍. മഴയുടെ പശ്ചാത്തലത്തില്‍ പ്രണയത്തെ മനോഹരമായി വര്‍ണിച്ചിരിക്കുന്ന ചിത്രം, ഒരിക്കലെങ്കിലും പ്രണയം ജീവിതത്തിലുണ്ടായിട്ടുള്ളവര്‍ക്ക് അത്രമേല്‍ ഹൃദ്യമാണ്. മണ്ണാറത്തൊടിയിലെ ജയകൃഷ്ണന്‍, ക്ലാര, രാധ എന്നീ കഥാപാത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്കിടയിലുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്.
ജയകൃഷ്ണനായി മോഹന്‍ലാലും ക്ലാരയായി സുമലതയും രാധയായി പാര്‍വതിയും ജീവിക്കുകയായിരുന്നു. സിനിമ പുറത്തിറങ്ങി ഇത്രയും വര്‍ഷം പിന്നിട്ടിട്ടും അതിലെ രംഗങ്ങളും ഗാനങ്ങളുമൊക്കെ ഓരോ സിനിമാ പ്രേമിയുടേയും ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്നു. പത്മരാജന്റെ തന്നെ ‘ഉദകപ്പോള’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. എന്നാല്‍ നോവലിന് ആധാരമായത് തൃശൂരിലെ അഡ്വ. ഉണ്ണിമേനോന്‍ എന്ന വ്യക്തിയുടെ യഥാര്‍ത്ഥ ജീവിതമായിരുന്നു.
അടുത്തിടെ സംവിധായകന്‍ രഞ്ജിത്ത് തൂവാനത്തുമ്പികളിലെ തൃശ്ശൂര്‍ ഭാഷ വളരെ ബോറാണെന്ന് പറഞ്ഞിരുന്നു. തൂവാനത്തുമ്പികളി’ല്‍ ഉപയോഗിച്ചിരിക്കുന്നതുപോലെയല്ല യഥാര്‍ത്ഥത്തില്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്നതെന്നും സിനിമയിലേത് വളരെ ബോറായിരുവെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. ഇപ്പോഴിതാ സംഭത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യഥാര്‍ത്ഥ മണ്ണാറത്തൊടി ജയകൃഷ്ണനായ അഡ്വ. ഉണ്ണിമേനോന്‍. മോഹന്‍ലാല്‍ അസ്സലാക്കുകയാണ് ചെയ്തതെന്ന് ഉണ്ണിമേനോന്‍ പറയുന്നു.
ഉണ്ണിമേനോന്റെ വാക്കുകള്‍ ഇങ്ങനെ ‘മോഹന്‍ലാല്‍ അസ്സലാക്കുകയാണ് ചെയ്തത്. ഒരു നടനും അതിലേറെ ചെയ്യാനാകില്ല. കാലങ്ങളായി തൃശ്ശൂരില്‍ താമസിക്കുന്ന എനിക്കുപോലും ഇപ്പോഴും ശരിക്കുള്ള തൃശ്ശൂര്‍ ഭാഷാശൈലി അറിയില്ല. അതറിയുന്നവര്‍ ചുരുക്കം. സിനിമയില്‍ ടി.ജി. രവിക്കാണ് ഏറ്റവും കൂടുതല്‍ പറയാനാകുക. ഡബ്ബിങ് സമയത്ത് മോഹന്‍ലാലിന് അസുഖം കാരണം ശബ്ദത്തിന്റെ പ്രശ്നമുണ്ടായിരുന്നു എന്ന് പത്മരാജന്‍ അന്ന് പറഞ്ഞിരുന്നു.” എന്നാണ് അഡ്വ. ഉണ്ണിമേനോന്‍ പറഞ്ഞത്.