ജിദ്ദ – ചെങ്കുപ്പായത്തില്‍ ഒഴുകിയെത്തിയ ആയിരക്കണക്കിന് ഈജിപ്തുകാരുടെ ആരവങ്ങള്‍ക്കൊത്തുയര്‍ന്ന അല്‍അഹ്‌ലി ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളില്‍ സെമിഫൈനലിലേക്ക് ടിക്കറ്റെടുത്തു. ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ ഹോം മത്സരം കളിക്കുന്ന ആഘോഷാന്തരീക്ഷമാണ് ചെഞ്ചായമണിഞ്ഞ ഗാലറി അല്‍അഹ്‌ലിക്ക് ഒരുക്കിക്കൊടുത്തത്. ആതിഥേയ ടീമായ അല്‍ഇത്തിഹാദിനെ 3-1 ന് തോല്‍പിച്ച് ആഫ്രിക്കന്‍ ചാമ്പ്യന്മാര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുമായി അവര്‍ തിങ്കളാഴ്ച സെമിഫൈനല്‍ കളിക്കും.
21ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ അല്‍അഹ്‌ലി ലീഡ് നേടിയെങ്കിലും ഒരു മണിക്കൂറോളം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഈജിപ്ത്-സൗദി പോരാട്ടത്തിന്റെ എല്ലാ വീറും വാശിയും ഗ്രൗണ്ടിലും ഗാലറിയിലും പ്രകടമായി. അര ലക്ഷത്തിലേറെ പേര്‍ കളി കാണാനുണ്ടായിരുന്നു. ആദ്യ പകുതിയുടെ ഒടുവില്‍ കരീം ബെന്‍സീമ പെനാല്‍ട്ടി പാഴാക്കിയത് കളിയിലേക്ക് തിരിച്ചുവരാനുള്ള അല്‍ഇത്തിഹാദിന്റെ അവസരം ഇല്ലാതാക്കി.
തുടക്കം മുതല്‍ അതിവേഗനീക്കങ്ങളിലൂടെ ഇരു ടീമുകളും ഗോളിലേക്ക് വഴി തേടി. ഇത്തിഹാദിനാണ് ആദ്യത്തെ തുറന്ന അവസരം കിട്ടിയത്. റൊമാരിഞ്ഞോയുടെ ഷോട്ട് അല്‍അഹ്‌ലിയുടെയും ഈജിപ്തിന്റെയും ക്യാപ്റ്റന്‍ കൂടിയായ ഗോളി മുഹമ്മദ് അല്‍ഷനാവി തട്ടിത്തെറിപ്പിച്ചു. രണ്ട് ഈജിപ്ത് ഫോര്‍വേഡുകളുടെ മുന്നേറ്റത്തില്‍ പരിഭ്രാന്തനായ ഹസന്‍ കാദിഷ് ലോംഗ്പാസ് കൈ കൊണ്ട് തടുത്തതിന് 19ാം മിനിറ്റില്‍ വീഡിയൊ റഫറിയുടെ ഇടപെടലില്‍ അല്‍അഹ്‌ലിക്ക് പെനാല്‍ട്ടി ലഭിച്ചു. അലി മഅലൂല്‍ ഗോള്‍വലയുടെ മധ്യത്തിലേക്ക് പായിച്ച ഷോട്ട് ഡൈവ് ചെയ്ത അബ്ദുല്ല അല്‍മയൂഫിനെ കീഴടക്കി.
ഇടവേളക്ക് ഏഴ് മിനിറ്റ് മുമ്പ് മുഹന്നദ് ഷന്‍ഖീതിയുടെ ക്രോസ് ബെന്‍സീമ വലയിലേക്ക് തൊടുത്തുവിട്ടെങ്കിലും നേരെ ഗോള്‍കീപ്പറുടെ കൈയിലേക്കായി. പ്രതിരോധം മറന്ന് ഇരമ്പിക്കയറിയ ഇത്തിഹാദ് പലപ്പോഴും എതിരാളികള്‍ക്ക് ഒരുപാട് പഴുതുകള്‍ തുറന്നിട്ടു. വീഡിയൊ റഫറിയുടെ മറ്റൊരു ഇടപെടല്‍ ഇത്തിഹാദിന് ജീവവായു ആവേണ്ടതായിരുന്നു. മുഹമ്മദ് അബ്ദുല്‍മുനീമിന്റെ ഹാന്റ്‌ബോളിന് കിട്ടിയ പെനാല്‍ട്ടി പക്ഷെ ബെന്‍സീമക്ക് മുതലാക്കാനായില്ല. ഈജിപ്തുകാര്‍ അണിനിരന്ന ഗോള്‍വലക്കു പിന്നില്‍നിന്ന് ലേസര്‍ ബീമുകള്‍ ബെന്‍സീമയുടെ കണ്ണിലേക്കടിച്ചു. ഷോട്ട് വലിയ പ്രയാസമില്ലാതെ ഷനാവി തടുത്തിട്ടു. അല്‍അഹ്‌ലി ലീഡ് വര്‍ധിപ്പിക്കാനുള്ള അവസരം പാഴാക്കുന്നതു കണ്ടാണ് ആദ്യ പകുതിയവസാനിച്ചത്.
ഇത്തിഹാദാണ് രണ്ടാം പകുതി ആവേശത്തോടെ തുടങ്ങിയത്. പക്ഷെ ഗോള്‍ വീണത് അവരുടെ വലയിലാണ്. റെക്കോര്‍ഡായ പതിമൂന്നാം ക്ലബ്ബ് ലോകകപ്പ് കളിക്കുന്ന ഹുസൈന്‍ ഷഹാതാണ് മനോഹരമായി പന്ത് വലയിലേക്ക് വളച്ചുവിട്ടത്. രണ്ട് മിനിറ്റിനകം ഇമാം ആഷൂറും സ്‌കോര്‍ ചെയ്തതോടെ ഇത്തിഹാദ് ആരാധകര്‍ ഗാലറി ഒഴിഞ്ഞു തുടങ്ങി. അല്‍അഹ്‌ലിയുടെ ആന്റണി മോഡെസ്‌റ്റെ ചുവപ്പ് കാര്‍ഡ് വാങ്ങിയതും ഇഞ്ചുറി ടൈമില്‍ ബെന്‍സീമ ആശ്വാസ ഗോളടിക്കുന്നതും കാണാന്‍ അധികം ആതിഥേയ കാണികള്‍ അവശേഷിച്ചില്ല.
2023 December 16Kalikkalamtitle_en: Club World Cup – Second Round – Al Ahly v Al Ittihad