നവംബർ പതിനേഴിന് തിയറ്ററുകളിലെത്തി മികച്ച വിജയം നേടിയ ബേസിൽ ജോസഫ് ചിത്രം ഫാലിമിയും കല്യാണി പ്രിയദർശന്റെ ‘ശേഷം മൈക്കിൽ ഫാത്തിമ’യും ഒടിടി റിലീസിനൊരുങ്ങുന്നു. ഫാലിമി ഡിസംബർ 15ന് ഹോട്ട്സ്റ്റാറിലൂടെയും ശേഷം മൈക്കിൽ ഫാത്തിമ അതേ ദിവസം തന്നെ നെറ്റ്ഫ്ലിക്സിലൂടെയും റിലീസ് ചെയ്യും.
ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തിയ കോമഡി ചിത്രം. നവാഗതനായ നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ചെറിയ ബജറ്റില്‍ ഒരുക്കിയ സിനിമ തിയറ്ററുകളിൽ ശ്രദ്ധേയമായ വിജയം കൈവരിച്ചിരുന്നു. ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നത്. ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്. കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രം ഡിസംബർ 15ന് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും.
കല്യാണി പ്രിയദർശൻ ഫാത്തിമ എന്ന കേന്ദ്രകഥാപാത്രമായെത്തുന്ന ഫാമിലി എന്റർടെയിനർ. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനു സി കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം തിയറ്ററുകളിലും ശ്രദ്ധനേടി.