ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്തിന് കൂവല്‍. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പേര് പറഞ്ഞപ്പോഴാണ് സദസില്‍ നിന്ന് കൂവല്‍ ഉയര്‍ന്നത്. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത് അല്പസമയം മുമ്പ് പ്രതികരിച്ചിരുന്നു. തനിക്കെതിരെ ആരും സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും നിലവില്‍ രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നുമാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് പറഞ്ഞത്. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് രഞ്ജിത്ത് പറയുന്നു. ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ വിപുലപ്പെടുത്തുമെന്നും ജനറല്‍ കൗണ്‍സില്‍ അംഗമായ കുക്കൂ പരമേശ്വരനെ നിര്‍ദ്ദേശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് അക്കാഡമി അംഗങ്ങള്‍ സമാന്തരയോഗം ചേര്‍ന്നിരുന്നെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒന്‍പത് അംഗങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കുകയും ചെയ്തു. ഡോ. ബിജുവിനെക്കുറിച്ച് രഞ്ജിത്ത് പറഞ്ഞ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ വിവാദമായതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ പടയൊരുക്കമുണ്ടാകുന്നത്.
രഞ്ജിത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അക്കാദമി ജന. കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ചെയര്‍മാന്റെ സമീപനം ഏകാധിപതിയെപ്പോലെയാണെന്നും എല്ലാവരോടും പുച്ഛമാണെന്നും മനോജ് കാന തിരുവനന്തപുരത്ത് പറഞ്ഞു. ഒന്നുകില്‍ അദ്ദേഹം തിരുത്തുക, അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും അംഗങ്ങള്‍ പറഞ്ഞു. അക്കാദമി വരിക്കാശേരി മനയല്ലെന്നും മനോജ് കാന തുറന്നടിച്ചിരുന്നു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള തര്‍ക്കത്തിനിടെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍നിന്ന് സംവിധായകന്‍ ഡോ. ബിജു രാജിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ മന്ത്രി സജി ചെറിയാന്റെ വിശദീകരണം വരുന്നത്. കെ.എസ്.എഫ്.ഡി.സി ബോര്‍ഡ് മെമ്പര്‍ സ്ഥാനമാണ് ഡോ. ബിജു രാജിവച്ചത്. തൊഴില്‍പരമായ കാരണങ്ങളാലാണ് രാജിയെന്നാണ് കത്തില്‍ ഡോ. ബിജു കാരണമായി വിശദീകരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള തര്‍ക്കത്തില്‍ നേരത്തെ തുറന്ന കത്തുമായി ഡോ. ബിജു രംഗത്തെത്തിയിരുന്നു.