തായ്‌ലന്‍ഡും ശ്രീലങ്കയും ഉള്‍പ്പടെ നിരവധി രാജ്യങ്ങള്‍ ഇന്ത്യ ഉള്‍പ്പെടുയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിക്കുകയുണ്ടായി. ആഫ്രിക്കന്‍ രാജ്യമായ കെനിയ ആവട്ടെ ആര്‍ക്കും തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ വിസ വേണ്ടെന്ന് പ്രഖ്യാപിച്ചു. ഇപ്പോഴിതാ ഇറാന്‍ ഇന്ത്യയുള്‍പ്പടെ 33 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇത് പ്രകാരം സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത്, ലബനോന്‍ തുടങ്ങിയ 33 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ഇറാനിലേക്ക് പ്രവേശിക്കാന്‍ വിസയുടെ ആവശ്യമില്ല. ഇറാന്‍ സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രിയായ ഇസദുള്ളാഹ് ദര്‍ഗാമിയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറക്കുകയാണെന്ന് ദര്‍ഗാമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുഖമമായ സഞ്ചാരം മനുഷ്യരുടെ അവകാശമാണ്. ഇറാന്‍ എന്ന രാഷ്ട്രത്തിന്റെ മഹത്തായ സവിശേഷതകള്‍ ആസ്വദിക്കാന്‍ ലോകത്തിന് അവസരം ഒരുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക വിനോദസഞ്ചാര മേഖലയില്‍ ഇറാനെ കുറിച്ചുള്ള ധാരണകള്‍ മാറാനും രാജ്യം വിനോദസഞ്ചാര സൗഹൃദമാണെന്ന് തെളിയിക്കാനുമാണ് ഇറാന്‍ ഭരണകൂടത്തിന്റെ ഈ നീക്കം. നേരത്തെ ചൈനയും തുര്‍ക്കിയും അസര്‍ബൈജാനും സിറിയയും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിസ ഉളവ് പ്രഖ്യാപിച്ചിരുന്നു. ഇത് കൂടുതല്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്നത് വഴി കൂടുതല്‍ വിദേശ വിനോദസഞ്ചാരികള്‍ ഇറാനില്‍ എത്തുമെന്നും കൂടുതല്‍ വിദേശ നാണ്യം നേടാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഇത്തരം നീക്കങ്ങള്‍ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം എട്ട് മാസത്തെ കണക്കുകള്‍ പ്രകാരം 40.4 ലക്ഷം വിദേശ സഞ്ചാരികളാണ് ഇറാനിലെത്തിയത്. മുന്‍ വര്‍ഷത്തെ വച്ച് നോക്കുമ്പോള്‍ 48.5 ശതമാനത്തിന്റെ വര്‍ധനവാണിത്. മഹത്തായ ചരിത്ര നിര്‍മ്മിതികളും സംസ്‌കാരങ്ങളും ഭൂപ്രകൃതിയും ഭക്ഷണവൈവിധ്യങ്ങളുമെല്ലാമുള്ള ഇറാന്‍ നിരവധി ഇന്ത്യക്കാരും സന്ദര്‍ശിക്കാറുണ്ട്.