ഇടുക്കി വണ്ടിപ്പെരിയാറില്‍  ആറുവയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കോടതിവിധി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും വിധിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കോടതി വിധിക്കെതിരെ പൊതുജനങ്ങളില്‍ നിന്നും വ്യാപകമായ എതിര്‍പ്പു ഉയര്‍ന്ന സാഹചര്യത്തില്‍ അപ്പീല്‍ നല്‍കുന്ന കാര്യം അടിയന്തരമായി പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ കോടതി വെറുതേ വിട്ട സംഭവം ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. കോടതിവിധി പുറത്തുവന്നതിന് പിന്നാലെ പൊലീസിനും കോടതിക്കും എതിരെ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. 
യാത്രയ്ക്കിടെ നടന്ന പത്രസമ്മേളനത്തില്‍ വച്ച് വണ്ടിപ്പെരിയാര്‍ കേസിലെ കോടതി വിധിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല സംഭവിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. കോടതി ഇത്തരത്തില്‍ വിധി പറയേണ്ട സാഹചര്യം എന്താണെന്ന് പരിശോധിക്കുമെന്നും അതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. താമസിക്കാതെ തന്നെ വിധിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം സൂചിപ്പിച്ചത്. അതിന് പിന്നാലെയാണ് അപ്പില്‍ നല്‍കാന്‍ തീരുമാനിച്ചുവെന്ന വിവരം പുറത്തുവരുന്നതും. 
അതേസമയം വണ്ടിപ്പെരിയാര്‍ കൊലപാതക കേസില്‍ കേസില്‍ അട്ടിമറി നടന്നുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്തത് തെറ്റാണെന്നും പ്രാഥമിക തെളിവുകള്‍ പോലും ശേഖരിച്ചില്ലെന്നും ശേഖരിച്ച തെളിവുകള്‍ കോടതിയില്‍ വേണ്ടവണ്ണം ഹാജരാക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേസില്‍ ഉണ്ടായത് ഞെട്ടിക്കുന്ന വിധിയായിരുന്നെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.  സിപിഎം പ്രാദേശിക, ജില്ലാ നേതൃത്വമാണ് കേസ് അട്ടിമറിച്ചതെന്നും ഡിവൈഎഫ്ഐ നേതാവിനെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും വിഡി സതീശന്‍ ആരോപിച്ചു.കേസിലുണ്ടായ അട്ടിമറിയില്‍ അന്വേഷണം വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കേസ് പൊലീസ് കൈാര്യം ചെയ്തത് ലാഘവത്തോടെയാണ്. ലയത്തില്‍ താമസിച്ചു കുട്ടിയായതു കൊണ്ടാണോ ഈ അവഗണനയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളെ കാണുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed