ഐപിഎലിന്റെ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ (എംഐ) ക്യാപ്റ്റനായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. കഴിഞ്ഞ മാസമാണ് ഹാര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈയിലേക്ക് എത്തിയത്. രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കുമെന്ന് നേരത്തേ അഭ്യൂഹമുയര്‍ന്നിരുന്നു. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഭാവി മുന്നില്‍ക്കണ്ടാണ് ക്യാപ്റ്റനെ മാറ്റുന്നതെന്നും 2024 സീസണില്‍ മുംബൈയെ ഹാര്‍ദിക് നയിക്കുമെന്നും മുംബൈ ടീമിന്റെ പെര്‍ഫോമന്‍സ് മാനേജര്‍ മഹേള ജയവര്‍ധനെ പ്രസ്താവനയില്‍ പറഞ്ഞു. 2013 മുതല്‍ രോഹിത്തിനു കീഴില്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പാണ്ഡ്യയുടെ അഭാവത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കാനുള്ള മുന്‍നിരക്കാരന്‍ ശുഭ്മാന്‍ ഗില്ലാണ്. ‘രോഹിത് ശര്‍മ്മയുടെ അസാധാരണമായ നേതൃത്വത്തിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു; 2013 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹത്തിന്റെ കാലാവധി അസാധാരണമായ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വം ടീമിന് സമാനതകളില്ലാത്ത വിജയം നേടിക്കൊടുക്കുക മാത്രമല്ല, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളെന്ന സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, എംഐ എക്കാലത്തെയും വിജയകരവും പ്രിയപ്പെട്ടതുമായ ടീമുകളിലൊന്നായി മാറി.
എംഐയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് കളിക്കളത്തിലും പുറത്തും അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശവും അനുഭവവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എംഐയുടെ പുതിയ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു,’ ജയവര്‍ധന കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് 15 കോടി രൂപയുടെ താരക്കൈമാറ്റത്തിലൂടെയാണ് മുംബൈ ഹാര്‍ദിക്കിനെ തിരിച്ചുപിടിച്ചത്. 15 കോടി രൂപ മൂല്യമുള്ള ഹാര്‍ദിക്കിനെ സ്വന്തമാക്കാന്‍ പഴ്‌സില്‍ പണം ബാക്കിയില്ലെന്നതായിരുന്നു മുംബൈ നേരിട്ട പ്രധാന വെല്ലുവിളികളില്‍ ഒന്ന്.
ഇതിനായി കഴിഞ്ഞവര്‍ഷത്തെ ലേലത്തില്‍ 17.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനു കൈമാറി. എട്ട് കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലിഷ് പേസര്‍ ജോഫ്ര ആര്‍ച്ചറെ ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയതിനു പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് പുതിയ ക്യാപ്റ്റനെയും പ്രഖ്യാപിച്ചു. യുവതാരം ശുഭ്മന്‍ ഗില്ലാണ് ടൈറ്റന്‍സിന്റെ പുതിയ നായകന്‍.