നമ്മളില്‍ മിക്കവരും ശരീരത്തില്‍ അത്രതന്നെ ശ്രദ്ധിക്കാതെ വിടുന്നൊരു ഭാഗമാണ് നാവ്. എന്നാല്‍ നാവും ശരീരത്തിലെ മറ്റ് ഏത് അവയവം പോലെയും പല രീതിയില്‍ ബാധിക്കപ്പെടാം. നമുക്ക് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍, മറ്റ് പോഷകങ്ങള്‍ എന്നിവയുടെ കുറവ്, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം നാവ് സൂചന നല്‍കാം. 
നാവിന് മുകളിലായി വെളുത്ത നിറത്തില്‍ ഒരു ആവരണം പോലെ കാണപ്പെടുന്നുവെങ്കില്‍ ഇത് പ്രധാനമായും ശുചിത്വത്തില്‍ ശ്രദ്ധിക്കണം എന്ന സൂചനയാണ് നല്‍കുന്നത്. ബാക്ടീരിയകളുടെ ബാഹുല്യത്തെയും ഫംഗല്‍ ബാധയെയും എല്ലാം ഇത് സൂചിപ്പിക്കുന്നു. അതുപോലെ തന്നെ ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതിനാല്‍ നിര്‍ജലീകരണം സംഭവിക്കുന്നതിന്‍റെ ഭാഗമായും ഇത് കാണാം. 
‘സ്ട്രോബെറി ടങ്’ എന്താണെന്ന് ചിലര്‍ക്കെങ്കിലും അറിയുമായിരിക്കും. സ്ട്രോബെറിയുടെ പുറത്ത് കണ്ടിട്ടില്ലേ, ചെറുതായി മുള്ളുകള്‍ പോലെ. ഇങ്ങനെ നാവ് പരുക്കനായി നേരിയ മുള്ളുകള്‍ പോലെ കാണപ്പെടുന്ന അവസ്ഥയാണ് ‘സ്ട്രോബെറി ടങ്’. ഇത് വൈറ്റമിൻസ് കുറയുന്നതിന്‍റെ- വിശേഷിച്ചും ബി വൈറ്റമിനുകള്‍ കുറയുന്നതിന്‍റെ സൂചനയാകാം. കൂടാകെ ‘കവാസാക്കി’ രോഗത്തിന്‍റെയും സൂചനയാകാമിത്. രക്തക്കുഴലുകളെ ബാധിക്കുന്നൊരു രോഗമാണിത്. അധികവും കുട്ടികളെയാണ് ബാധിക്കുക. 
നാവില്‍ കറുത്ത നിറവും ചെറുതായി രോമങ്ങള്‍ വളര്‍ന്നതുപോലെയും കാണപ്പെടുന്നതും ശുചിത്വപ്രശ്നങ്ങളെയാണ് അധികവും തുറന്നുകാട്ടുന്നത്. അതുപോലെ പുകവലി, അമിതമായി കാപ്പിയോ ചായയോ കഴിക്കുന്ന ശീലം, ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം എല്ലാം ഇത് സൂചിപ്പിക്കുന്നു.നാവില്‍ ചെറുതായി നീല നിറമോ അല്ലെങ്കില്‍ പര്‍പ്പിള്‍ നിറമോ കാണുന്നത് രക്തത്തില്‍ ഓക്സിജൻ നില കുറവായിരിക്കുന്നു എന്നതിന്‍റെ സൂചനയാകാം. ഇത് ശ്വാസകോശം- ഹൃദയം എന്നീ അവയവങ്ങളെ സംബന്ധിക്കുന്ന അസുഖങ്ങളെയും സൂചിപ്പിക്കുന്നതാകാം. 
വിളറിയ രീതിയിലും നാവ് കാണപ്പെടാം. ഇത് സ്വാഭാവികമായും വിളര്‍ച്ച – അഥവാ ‘അനീമിയ’യുടെ ലക്ഷണമാണ്. അയേണ്‍ കുറവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. അയേണ്‍ കുറവാകുമ്പോളാണ് വിളര്‍ച്ചയുണ്ടാകുന്നത്. രക്തയോട്ടം സുഗമമല്ല എന്നതും പോഷകങ്ങള്‍ കുറവാണ് എന്നതുമെല്ലാം ഇതില്‍ സൂചനയുണ്ടാകാം.
നാവിനെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് ‘ജ്യോഗ്രഫിക് ടങ്’. നാവില്‍ അങ്ങിങ്ങായി വരകള്‍ കാണുന്നതും വെള്ള നിറം കാണുന്നതും ആണിത്. സോറിയാസിസ് അല്ലെങ്കില്‍ ‘ഓട്ടോ-ഇമ്മ്യൂൺ’ രോഗങ്ങളെ എല്ലാം സൂചിപ്പിക്കുന്നതാണ് ‘ജ്യോഗ്രഫിക് ടങ്’. സാധാരണനിലയില്‍ ഇത് അപകടകരമല്ല. പക്ഷേ നാവിലെ തൊലി നീങ്ങുന്നതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ചിലര്‍ക്ക് പ്രയാസം അനുഭവപ്പെടാം. 

By admin

Leave a Reply

Your email address will not be published. Required fields are marked *