തിരുവനന്തപുരം: കോളേജ് അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യതയിൽ വെള്ളം ചേർക്കുന്നെന്ന് ആക്ഷേപം. നിലവിൽ നെറ്റ് പരീക്ഷയിലെ യോഗ്യതയാണ് കോളേജ് അദ്ധ്യാപകനാവാൻ വേണ്ടത്. ഇനി മുതൽ വേറെ ഏതെങ്കിലും സംസ്ഥാനത്ത് നിന്ന് അവിടുത്തെ അദ്ധ്യാപക യോഗ്യതാ പരീക്ഷ ജയിച്ചു വന്നാൽ കേരളത്തിൽ കോളേജ് അദ്ധ്യാപകരാവാം. മറ്റ് സംസ്ഥാനങ്ങളിൽ നടത്തുന്ന ഇത്തരം പരീക്ഷകൾക്ക് അവിടെ മാത്രമേ സാധുതയുള്ളൂ എന്ന് ഉത്തരവുകളുണ്ടായിരിക്കെയാണ് കേരളത്തിൽ കോളേജ് അദ്ധ്യാപക നിയമനത്തിൽ വെള്ളംചേ‌ർക്കുന്നത്. യോഗ്യതയിൽ വെള്ളം ചേർക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് ഇടയാക്കുമെന്നാണ് അദ്ധ്യാപകരും അക്കാഡമിക് സമൂഹവും പറയുന്നത്.
 കോളജ് അധ്യാപക യോഗ്യത പരീക്ഷയായ യു.ജി.സി നെറ്റിന് തത്തുല്യമായി ചില സംസ്ഥാനങ്ങളിൽ നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സ്റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്റ്റ് ( സെല്‍റ്റ് ) എന്നിവ കേരളത്തിലും അംഗീകരിച്ചാണ് ഉത്തരവ്. 
എന്നാൽ ഉത്തരവിൽ പരാമർശിക്കുന്ന സെറ്റ് സംസ്ഥാന സർക്കാർ ഇപ്പോൾ നടത്തിവരുന്ന യോഗ്യതാ പരീക്ഷ അല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. സംസ്ഥാനത്ത് നിലവിൽ നടത്തുന്ന ‘സെറ്റ്’ ഹയർസെക്കൻഡറി അധ്യാപക യോഗ്യത പരീക്ഷയാണ്. മറ്റു സംസ്ഥാനങ്ങളിൽ നെറ്റിന് തത്തുല്യമായി നടത്തുന്ന സെറ്റ് പരീക്ഷ മാതൃകയിൽ കേരളത്തിലും യോഗ്യത പരീക്ഷ നടത്തുന്നത് സംബന്ധിച്ച് എൽ.ബി.എസ് സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. സംസ്ഥാനത്ത് കോളജ് അധ്യാപക നിയമനത്തിന് നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവമില്ലെന്നും സമാന്തര പരീക്ഷ നടത്തുന്നത് ഗുണനിലവാരത്തിൽ വെള്ളം ചേർക്കുന്നതിന് തുല്യമാകുമെന്നുമായിരുന്നു വകുപ്പിന്റെയും കൗൺസിലിന്റെയും മുൻനിലപാട്.
ചില സംസ്ഥാനങ്ങളിൽ നെറ്റിന് തത്തുല്യമാക്കി നടത്തുന്ന സെറ്റ്/ സെല്‍റ്റ് പരീക്ഷകൾ അതത് സംസ്ഥാനങ്ങളിലെ കോളജ് അധ്യാപക നിയമനങ്ങൾക്ക് യോഗ്യതയായി യു.ജി.സി അംഗീകരിച്ചിട്ടുണ്ട്. 2018ലെ യു.ജി.സി റെഗുലേഷനിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയതിന്‍റെ മറവിലാണ് ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിലെ സെറ്റ്/ സെല്‍റ്റ് പരീക്ഷകൾ സംസ്ഥാനത്ത് കോളജുകളിൽ നിയമനത്തിന് യോഗ്യതയാക്കി ഉത്തരവിറക്കിയത്.
നെറ്റ് യോഗ്യതയില്ലാത്തവർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് സെറ്റ്/ സെല്‍റ്റ് യോഗ്യത നേടി വന്നാൽ കേരളത്തിൽ അംഗീകരിക്കേണ്ടിവരും. 
കോളജ് അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി കഴിഞ്ഞ ഏപ്രിൽ 11ന് 50 വയസായി ഉയർത്തിയിരുന്നു. 2002 ജൂൺ ഒന്നിന് ശേഷം നേടിയ സെറ്റ് യോഗ്യത, പരീക്ഷ നടത്തിയ സംസ്ഥാനങ്ങളിൽ മാത്രമേ അസി. പ്രഫസർ തസ്തികയിലേക്കുള്ള യോഗ്യതയായി യു.ജി.സി അംഗീകരിച്ചിട്ടുള്ളൂ. 2002 ജൂൺ ഒന്നിന് മുമ്പ് നേടിയ സെറ്റ് മാത്രമേ ഇന്ത്യയിൽ എല്ലായിടത്തും അസി. പ്രഫസർ തസ്തികയിലേക്കുള്ള യോഗ്യതയായി യു.ജി.സി അംഗീകരിച്ചിട്ടുള്ളൂ. ഇത് മറച്ചുവച്ചാണ് സർക്കാർ ഉത്തരവെന്നാണ് ആക്ഷേപം.
സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളേജുകളിലും അസി. പ്രൊഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി 40ൽനിന്ന് 50വയസാക്കിയത് അടുത്തിടെയാണ്. ശ്യാം ബി മേനോൻ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷന്റെ പ്രധാന ശുപാർശകളിലൊന്നായിരുന്നു ഇത്. സർക്കാർ / എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ട്രെയിനിംഗ് കോളേജുകൾ, ലോ കോളേജുകൾ, സംസ്‌കൃത കോളേജുകൾ, അറബിക് കോളേജുകൾ എന്നിവിടങ്ങളിൽ ഇത് ബാധകമാണ്. 
സർക്കാർ ഉത്തരവിറക്കിയതോടെ സർവകലാശാലകൾ ചട്ടഭേദഗതി വരുത്തും. അസോ. പ്രൊഫസർ, പ്രൊഫസർ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി പൂർണ്ണമായി ഒഴിവാക്കാൻ യുജിസി ചട്ടങ്ങൾക്കനുസരിച്ച് സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്യുകയായിരുന്നു. നിയമനത്തിന് യു.ജി.സി പ്രായപരിധി നിർദ്ദേശിക്കുന്നില്ല. കേന്ദ്ര സർവകലാശാലകളിലും പല സംസ്ഥാനങ്ങളിലും പ്രായപരിധിയില്ല.
കോളേജ് വിദ്യാഭ്യാസ ഡയറക്ടറും ഉന്നതവിദ്യാഭ്യാസ കൗൺസിലും ഉയർന്ന പ്രായപരിധി ഒഴിവാക്കണമെന്നാണ് ശുപാർശ ചെയ്തത്. എന്നാൽ നിയമനങ്ങൾക്ക് പി.എസ്.സി 50വയസ് ഉയർന്ന പ്രായപരിധിയായി നിശ്ചയിച്ചിട്ടുള്ളത് പ്രായപരിധി ഒഴിവാക്കുന്നതിന് തടസമായി. 
അസി. പ്രൊഫസർ നിയമനത്തിന് പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഉയർന്ന ബിരുദങ്ങൾ നേടുന്നവർക്ക് കോളേജ് അദ്ധ്യാപകരായി അപേക്ഷിക്കാൻ പ്രായപരിധി തടസമാവുന്നുണ്ട്. വിദേശ സർവകലാശാലകളിലെ മികച്ച ഗവേഷകരെ കേരളത്തിലേക്ക് ആകർഷിക്കാൻ പ്രായപരിധി മാറ്റുന്നത് സഹായിക്കുമെന്നായിരുന്നു സർക്കാർ വിലയിരുത്തൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *