ആലപ്പുഴ: എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ച രീതിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം ബി രാജേഷ്.
കരിങ്കൊടി കാണിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും കരിങ്കൊടി കാണിച്ചപ്പോൾ മുഖ്യമന്ത്രി വണ്ടി നിർത്തി ഇറങ്ങിയിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു.
ഗവർണർ വീണ്ടും വെല്ലുവിളിച്ചിരിക്കുകയാണ്. ഇത് എന്തൊരു അപചയമാണെന്നും അധപതനമാണെന്നും എം ബി രാജേഷ് ചോദിച്ചു. ഗവർണറുടെ ഭാഗത്തുനിന്നുമുണ്ടായത് നാലാംകിട പെരുമാറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വണ്ടിപ്പെരിയാൽ കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് വിധിച്ചതിലും മന്ത്രി പ്രതികരണമറിയിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകും. വാളയാർ കേസിൽ സർക്കാർ സമീപനം നമ്മൾ കണ്ടതാണ്.
കൂടുതൽ കാര്യങ്ങൾ സർക്കാർ വ്യക്തമാക്കും. വിശദാംശങ്ങൾ ഇപ്പോൾ പറയാനാവില്ല. എല്ലാ പ്രതികൾക്കും ശിക്ഷ ലഭിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. മുൻപ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തിട്ടുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.