ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ‘സലാർ ഭാഗം 1 സീസ്‌ഫയര്‍’. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തേക്കുറിച്ച് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും പ്രതീക്ഷ വാനോളമാണ്. ചിത്രത്തിലെ ആദ്യ​ഗാനം പുറത്തുവന്നിരിക്കുകയാണ്. രവി ബസ്രൂർ ആണ് സിനിമയ്‌ക്കായി സംഗീതം ഒരുക്കിയത്. മലയാളത്തിൽ രാജീവ് ഗോവിന്ദൻ എഴുതിയ വരികൾ ഇന്ദുലേഖ വാര്യരാണ് ആലപിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ സിംഗിൾ പ്രഖ്യാപനം മുതൽ, പ്രേക്ഷകർ കാത്തിരുന്ന “സൂര്യാങ്കം” എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദ ബന്ധത്തിന്റെ പശ്ചാത്തലത്തിലുള്ള അത്യധികം വൈകാരികമായ ഗാനം പ്രേക്ഷക മനസ്സിൽ ആദ്യ കേൾവിയിൽ തന്നെ ഇടംനേടിക്കഴിഞ്ഞു.
രണ്ട് മണിക്കൂറും 55 മിനിറ്റും ദൈർഘ്യമുള്ള ചിത്രം ഒരു ആക്ഷൻ ചിത്രത്തേക്കാളുപരി രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദവും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പറയുന്നത്. വരധരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വരധരാജിന്‍റെ ബാല്യകാല സുഹൃത്ത് ദേവ എന്ന നായക കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുക. ശ്രുതി ഹാസനാണ് നായിക. ഇവർക്ക് പുറമെ ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ഉജ്വൽ കുൽക്കർണി ആണ്. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് സലാർ നിര്‍മിക്കുന്നത്. സലാർ കേരളത്തിൽ ഡിസംബർ 22ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് തിയേറ്ററുകളിൽ എത്തിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *