കൊച്ചി: ശബരിമലയില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ഭക്തരുടെ 300 പരാതികള്‍ ഹൈക്കോടതി രജിസ്ട്രിക്ക് ലഭിച്ചുവെന്ന് ദേവസ്വം ബെഞ്ച്. ഇമെയിലിലൂടെയാണ് പരാതികള്‍ ലഭിച്ചത്. പലതും ചീഫ് ജസ്റ്റിസിന് ലഭിച്ച പരാതിയാണെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. പതിനെട്ടാം പടിക്കും ത്രിവേണി പാലത്തിനും സമീപം ഭക്തര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ റിപ്പോര്‍ട്ട് നല്‍കണം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.
എരുമേലിയില്‍ സ്വകാര്യ പാര്‍ക്കിംഗിന് ഇരട്ടി നിരക്ക് ഈടാക്കുന്നുവെന്ന് ദേവസ്വം ബെഞ്ച് അറിയിച്ചു. അധിക പാര്‍ക്കിംഗ് നിരക്ക് ഈടാക്കുന്നതില്‍ എരുമേലി ഗ്രാമപഞ്ചായത്ത് വിശദീകരണം നല്‍കണം. എരുമേലിയില്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കണം. പാര്‍ക്കിംഗിന് ആറ് ഇടത്താവളങ്ങള്‍ കൂടി തയ്യാറാക്കിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു. ഹര്‍ജി ഹൈക്കോടതി മൂന്ന് മണിക്ക് വീണ്ടും പരിഗണിക്കും.
ശബരിമലയിലെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഇന്ന് പുലർച്ചെയോടെ സന്നിധാനത്തെത്തിയിട്ടുണ്ട്. ദേവസ്വം അധികൃതരോടും തന്ത്രി ഉൾപ്പെടെയുള്ളവരുമായും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. മല കയറുന്നതിനിടെ ശരംകുത്തിയിലെ ക്യൂ കോംപ്ലക്സ് മന്ത്രി സന്ദർശിച്ചിരുന്നു. ഈ സമയത്ത് ഭക്തർ ഉന്നയിച്ച പരാതികൾ മന്ത്രി നേരിട്ട് കേൾക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം ഉന്നത പോലീസ് ഉദ്യോഗസ്ഥരും ദേവസ്വം ബോർഡ് അധികൃതരും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.