അതിസുരക്ഷാ മേഖലയായ പാര്‍ലമെന്റും പരിസരവും പഴുതടച്ച സുരക്ഷാസംവിധാനത്തിലാണെന്ന ധാരണ തെറ്റാണെന്ന് തെളിയിക്കുന്നതായി, ഇന്നലെ ലോക്‌സഭയില്‍ നടന്ന ചെറുപ്പക്കാരുടെ പുക ആക്രമണം.
2001ലെ ഭീകരാക്രമണത്തിന് ശേഷം പാര്‍ലമെന്റിലെ സുരക്ഷാ സംവിധാനങ്ങള്‍ ഏറെ ശക്തമാക്കിയിരുന്നു. എന്നാല്‍, ഗുരുതരമായ സുരക്ഷാവീഴ്ചയുടെ മഞ്ഞപ്പുകയാണ് പാര്‍ലമെന്റ് ആക്രമണത്തിന്റെ 22ാം വാര്‍ഷികത്തില്‍ ലോക്‌സഭയില്‍ വീണ്ടും ഉയര്‍ന്നത്.
പാര്‍ലമെന്റ് ആക്രമിക്കുമെന്ന് സിഖ് ഭീകരന്‍ ഗുര്‍പട്‌വന്ത് സിംഗ് പന്നു ഭീഷണി മുഴക്കിയത് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. ഈ സാഹചര്യത്തിലും രണ്ട് പുക കുറ്റികള്‍ ഒളിപ്പിച്ച് യുവാക്കള്‍ ലോക്‌സഭയിലെ സന്ദര്‍ശക ഗാലറിയിലേക്ക് അനായാസം കടന്നു കയറിയപ്പോള്‍ തകര്‍ന്നത്, സുരക്ഷാവിശ്വാസമാണ്.
2001ലെ ഭീകരാക്രമണത്തിന് ശേഷം പാര്‍ലമെന്റിലെ സുരക്ഷാ സംവിധാനങ്ങള്‍ ഏറെ ശക്തമാക്കിയിരുന്നുവെന്ന് ധരിച്ചുവെച്ചതെല്ലാം വെറുതെയായിരുന്നുവെന്നും ഏത് അക്രമിക്കും അപായ വസ്തുക്കള്‍ ഒളിപ്പിച്ച് വെച്ച് അനായാസം പാര്‍ലമെന്റില്‍ പ്രവേശിക്കാനാകുമെന്ന ഞെട്ടിക്കുന്ന തിരിച്ചറിവുമാണ് ഇന്നലത്തെ ആക്രമണം തെളിയിക്കുന്നത്. ഇന്നലെ നടന്നതും ഒരര്‍ത്ഥത്തില്‍ ഭീകരാക്രമണം തന്നെയാണ്.
മഹുവ മെയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാന്‍ അടിസ്ഥാനമാക്കിയ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞത് പാര്‍ലമെന്റ് പോര്‍ട്ടലിന്റെ പാസ്‌വേര്‍ഡ് കൈമാറുന്നത് സൈബര്‍ ആക്രമണത്തിന് കാരണമാകുന്നുവെന്നാണ്. എന്നാല്‍, പാസ്‌വേഡില്ലാതെ ഭീകരാക്രമണം സന്ദര്‍ശകര്‍ക്കും നടത്താമെന്ന സുരക്ഷാവീഴ്ചക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
സ്വന്തം മണ്ഡലത്തിലെ എം പി അല്ലെങ്കില്‍ പാര്‍ലമെന്റിലെ മറ്റേതെങ്കിലും അംഗം മുഖേനയാണ് പാര്‍ലമെന്റ് വളപ്പിലും മന്ദിരത്തിലും ഇരുസഭകളുടെ സന്ദര്‍ശക ഗാലറിയിലും സാധാരണക്കാര്‍ക്ക് പ്രവേശിക്കാനാവുക. വ്യക്തിയെ നേരിട്ട് പരിചയമുണ്ടെന്നും അയാളുടെ ഉത്തരവാദിത്തം തനിക്കുണ്ടെന്നും സാക്ഷ്യപ്പെടുത്തിയാണ് സന്ദര്‍ശക പാസ് അനുവദിക്കുക.
ബി ജെ പി എം പി പ്രതാപ് സിംഹയുടെ ശിപാര്‍ശയിലാണ് പ്രതിഷേധക്കാര്‍ എത്തിയതെന്നതിനാല്‍ ഭീകരവാദികളുമായുള്ള ബി ജെ പിയുടെ ബന്ധത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായ, ആദ്യ പാര്‍ലമെന്റ് ഭീകരാക്രമണം ഉണ്ടായത് ബി ജെ പിയുടെ ഭരണകാലത്താണ്. ഇന്നലത്തെ സംഭവത്തിലെ അക്രമികള്‍ ബിജെപി എംപിയുടെ അതിഥികളായി ഗാലറിയില്‍ പ്രവേശിച്ചവരും.
തീര്‍ത്തും ദുര്‍ബലമായ സുരക്ഷാ സംവിധാനങ്ങള്‍, പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് പാര്‍ട്ടി എം പിയുടെ സഹായങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന് മറുപടി പറയാതെ ഒഴിഞ്ഞുമാറാനാവില്ല.
രാജ്യസ്‌നേഹികളാണ് ഞങ്ങളെന്നും ഏകാധിപത്യത്തിനെതിരേയുള്ള പ്രതിഷേധമാണെന്നും അക്രമികള്‍ ന്യായീകരിക്കുമ്പോഴും അതീവ സുരക്ഷാ സന്നാഹങ്ങളെ മറികടന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ കയറി സഭ സമ്മേളിക്കവെ സന്ദര്‍ശക ഗാലറിയില്‍ നിന്നും നടുത്തളത്തിലേക്ക് ചാടിയത് ഭീകരാക്രമണം അല്ലാതെ മറ്റെന്താണ്.
ശൂന്യവേള അവസാനിക്കാനിരിക്കെയുള്ള ആക്രമണത്തില്‍ നിലവില്‍ ആറ് ഭീകരവാദികളെ പിടികൂടി യുഎപിഎ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ജനാധിപത്യത്തിനു നേരെയുള്ള ആക്രമണത്തില്‍ അപലപിക്കുന്നു.
മുഖ്യ സുത്രധാരനെന്ന് കരുതുന്ന ബംഗാള്‍ സ്വദേശിയും അധ്യാപകനുമായ ലളിത് ഝായെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമെന്ന് അറിയുന്നു. ഭീകരാക്രമണത്തിന് പൊതുവെ സംവരണം ചെയ്യപ്പെട്ട വിഭാഗമല്ല പ്രതികളെല്ലെന്ന കാരണത്താല്‍ അന്വേഷണം പുകമറ സൃഷ്ടിക്കരുതെന്നാണ് രാജ്യത്തെ നിഷ്പക്ഷവാദികള്‍ക്ക് ഈയവസരത്തില്‍ ആവശ്യപ്പെടാനുള്ളത്.
എല്ലാവര്‍ക്കും സുരക്ഷയും സ്വാതന്ത്ര്യവുമുള്ള നല്ലൊരു നാള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തിയേ തീരു…
(തയ്യാറാക്കിയത്: അസീസ് മാസ്റ്റർ)