വടകര: ടൂറിസ്റ്റ് ബസില്‍ എല്‍.എസ്.ഡി. സ്റ്റാമ്പും മെത്താംഫിറ്റമിനും കടത്തുന്നതിനിടെ പിടിയിലായ യുവാവിന് 10 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി എട്ടികുളം മുട്ടോന്‍ വീട്ടില്‍ എം. സല്‍മാനെ (32)യാണ് വടകര എന്‍.ഡി.പി.എസ്. സ്‌പെഷ്യല്‍ കോടതി ജഡ്ജി വി.പി.എം. സുരേഷ് ബാബു ശിക്ഷിച്ചത്.
എല്‍.എസ്.ഡി, മെത്താംഫിറ്റമിന്‍ എന്നിവ കൈവശം വച്ചതിന് പത്തുവര്‍ഷം വീതം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചത്. മൊത്തം 20 വര്‍ഷം തടവുണ്ടെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പത്തുവര്‍ഷത്തെ തടവുമതി. പിഴ അടച്ചില്ലെങ്കില്‍ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം.
2022 ഓഗസ്റ്റ് ഒന്നിനാണ് ഇയാളെ കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കൂട്ടുപുഴ എക്‌സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ ബംഗളൂരുവില്‍നിന്ന് വരുകയായിരുന്ന ടൂറിസ്റ്റ് ബസില്‍നിന്ന് പിടികൂടിയത്.
1.760 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്ബുകളും 74.390 ഗ്രാം മെത്താംഫിറ്റമിനുമാണ് കണ്ടെടുത്തു. ഉത്തരമേഖല എക്‌സൈസ് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ആര്‍.എന്‍. ബൈജുവിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.വി. ലിജീഷ് ഹാജരായി.