മനുഷ്യജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ളതും മാറ്റങ്ങൾ നൽകിയിട്ടുള്ളതുമായ വസ്തുക്കളിലൊന്നാണ് മൊബൈൽഫോൺ. മൊബൈൽ ജീവിതത്തെ എത്രത്തോളം സൗകര്യപ്രദമാക്കിയോ അത്രതന്നെ അവയോടുള്ള ആസക്തിയും പ്രശ്നമാകുന്നുണ്ട്. മൊബൈൽ ഫോണിനു മുന്നിൽ പ്രായഭേദമന്യേ കുത്തിയിരിക്കുന്നവരുടെ എണ്ണം കൂടുകയല്ലാതെ കുറയുന്നില്ല. മൊബൈൽ ഫോൺ ഗെയിമുകളിൽ അടിമപ്പെടുന്നവരും കൂടുതലാണ്. ഗെയിമുകളോടുള്ള ഈ ആസക്തി പെരുമാറ്റപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
മണിക്കൂറുകളോളം മൊബൈൽ ഫോൺ ഗെയിമുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കുട്ടികളുടേയും മുതിർന്നവരുടേയും പെരുമാറ്റത്തിൽ പ്രശ്നങ്ങൾ കണ്ടുവരും. ചെറിയ കാര്യങ്ങളിൽ അമിതമായ ദേഷ്യം, ദൈനംദിന കാര്യങ്ങളിൽ താത്പര്യക്കുറവ്, ഉറക്കക്കുറവ്, ഭക്ഷണം ആവശ്യത്തിന് കഴിക്കാതിരിക്കുക തുടങ്ങിയവ കണ്ടുവരാം.
ഗെയിം കളിക്കുന്നതു മൂലം പഠനവും വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ പാലിക്കുന്നതും താളംതെറ്റുന്ന അവസ്ഥ.
കളിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അസ്വസ്ഥത. കളിനിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ ക്ഷോഭിക്കുകയോ അക്രമാസക്തരാവുകയോ ചെയ്‌തേക്കാം.
ഓണ്‍ലൈന്‍ ഗെയിമില്‍ ഏര്‍പ്പെടുന്നതു മൂലം സുഹൃത്തുകളോടും ബന്ധുക്കളോടും ഇടപഴകുന്നതില്‍ താത്പര്യമില്ലാതാവുക.
മുന്‍പുണ്ടായിരുന്ന ഹോബികളില്‍ താത്പര്യമില്ലാതാവുക.
ഗെയിമിങ്ങില്‍ ഏര്‍പ്പെടുമ്പോള്‍ വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ മുതലായവ.
ഓണ്‍ലൈന്‍ ഗെയിമില്‍ ഏര്‍പ്പെടുന്ന സമയം ക്രമേണ കൂടിക്കൂടി വരുക. ഒരുപാട് നേരം കളിച്ചാല്‍ മാത്രമേ സന്തോഷം കിട്ടൂ എന്ന അവസ്ഥ.
ഇത്തരം ലക്ഷണങ്ങള്‍ കുട്ടികളില്‍ പ്രകടമായാല്‍ മാതാപിതാക്കള്‍ തീര്‍ച്ചയായും പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും മനശ്ശാസ്ത്ര സേവനം തേടുകയും ചെയ്യേണ്ടതാണ്.
മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്
കുട്ടികളുമായി ഇടപഴകാനും അവരോടൊപ്പം കളിക്കാനും ജോലികളില്‍ അവരെ ഒപ്പം കൂട്ടാനും ശ്രദ്ധിക്കുക.
കുട്ടികളില്‍ മാത്രമല്ല, മുതിര്‍ന്നവരിലും മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് അഡിക്ഷന്‍ ധാരാളമായി കാണുന്നുണ്ട്. മാതാപിതാക്കള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് തീര്‍ച്ചയായും പരിഹരിക്കുക.
മറ്റ് വിനോദമാര്‍ഗങ്ങള്‍ക്കുള്ള അഭാവം മൊബൈല്‍ഫോണ്‍ ഉപയോഗവും ഗെയിമിങ്ങും കൂട്ടാം. അതിനാല്‍ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ചെയ്യാവുന്ന, മറ്റ് വിനോദങ്ങള്‍ കണ്ടെത്തി നിര്‍ദേശിക്കുക.
പൂര്‍ണമായും ഇലക്ട്രോണിക് ഗെയിമുകളില്‍ നിന്ന് അകറ്റി നിര്‍ത്തുക പലപ്പോഴും സാധ്യമല്ല. അതിനാല്‍ സമയപരിധി നിശ്ചയിച്ച് മാത്രം ഇത്തരം ഗെയിമുകള്‍ അനുവദിക്കുക.
എന്ത് ഗെയിമാണ് കുട്ടികള്‍ കളിക്കുന്നതെന്നും അവരുടെ പ്രായത്തിനനുസരിച്ചുള്ള ഘടകങ്ങള്‍ മാത്രമാണോ അതിലുള്ളതെന്നും മാതാപിതാക്കള്‍ പരിശോധിക്കണം.
ഗൂഗിള്‍ ഫാമിലി ലിങ്ക് പോലുള്ള പേരന്റിങ് ആപ്ലിക്കേഷനുകള്‍ സ്വന്തം ഫോണിലും കുട്ടികളുടെ ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്യുന്നതു വഴി കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാം.
വിനോദത്തിന്റെ അതിര്‍വരമ്പ് കടന്ന് അഡിക്ഷനിലേക്ക് കുട്ടികളുടെ ഗെയിമിങ് പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. അത്തരത്തിലുള്ള ഒരു സ്വയം നിരീക്ഷമത്തിന് കുട്ടികളെയും പ്രാപ്തരാക്കുക.
ശരീരചലനങ്ങള്‍ കൂടി ആവശ്യമുള്ള വീഡിയോ ഗെയിമുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതുപോലെ ശ്രദ്ധ, പ്രോബ്ലം സോള്‍വിങ് മുതലായ കഴിവുകള്‍ മെച്ചപ്പെടുന്ന തരത്തിലുള്ള ഗെയിമുകളും ഉണ്ട്. അത്തരം ഗെയിമുകള്‍ തരിഞ്ഞെടുക്കാന്‍ നിര്‍ദേശിക്കാവുന്നതാണ്.