കുവൈറ്റ്: കുവൈത്തില്‍ നിന്നും ഹജ്ജ് തീർഥാടകര്‍ക്കുള്ള നിരക്ക് ഔഖാഫ് മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്ന് വ്യത്യസ്തമായ സേവന പാക്കേജുകള്‍ക്കാണ് ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകാരം നല്‍കിയത് . 1,590 മുതൽ 3,950 ദീനാര്‍ വരെയാണ് പാക്കേജുകളുടെ സര്‍വിസ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്.
ആളുകളെ എത്തിക്കൽ, വിമാന യാത്ര, താമസം എന്നിവ അടക്കമാണ് പാക്കേജ്. ഹറം കാണാവുന്ന തരത്തിലുള്ള ഫൈവ്സ്റ്റാർ ഹോട്ടൽ, തൊട്ടടുത്ത ഫൈവ്സ്റ്റാർ ഹോട്ടൽ, ഫോർ സ്റ്റാർ, ത്രീസ്റ്റാർ ഹോട്ടലുകൾ റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിങ്ങനെ താമസ സൗകര്യം അനുസരിച്ചാണ് പാക്കേജ് നിരക്കുകൾ നിർണയിക്കുക .
തെരഞ്ഞെടുത്ത പാക്കേജിൽ പിന്നീട് മാറ്റം അനുവദിക്കില്ലെന്നാണ് സൂചന .ഈ വര്‍ഷം 63 ഗ്രൂപ്പുകളായി 8,000 തീർഥാടകര്‍ക്കാണ് കുവൈത്തിൽ നിന്ന് ഹജ്ജ് ചെയ്യാന്‍ അവസരം.
നേരത്തെ ഹജ്ജ് ചെയ്യാത്തവർക്കാണ് മുൻഗണന. ഹജ്ജ്, ഉംറ, ആരോഗ്യ മന്ത്രാലയങ്ങളും മറ്റ് സർക്കാർ ഏജൻസികളും നൽകുന്ന നിർദേശങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്ന് അധികൃതര്‍ പ്രസ്താവനയിൽ അറിയിച്ചു.