വടുവഞ്ചാല്‍: ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വടുവഞ്ചാല്‍ പെരുമ്പാടിക്കുന്ന് ചെറുവയലില്‍ ചെറിയ വീരമംഗലം വീട്ടില്‍ ജ്യോതിഷി(39)നെയാണ് വീടിന് സമീപത്തെ ബന്ധുവിന്റെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കാണ് കാരണമെന്നാണ് സൂചന.
ചൊവ്വാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. രണ്ടുമാസമായി ജ്യോതിഷിന്റെ ഭാര്യ ശ്രുതി വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ചൊവ്വാഴ്ച രാത്രി ശ്രുതി റോഡില്‍ സ്‌കൂട്ടര്‍ പഠിച്ചുകൊണ്ടിരിക്കെ ജ്യോതിഷ് അവിടെ എത്തുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന്, ശ്രുതിയെ വെട്ടുകയുമായിരുന്നു.
ശ്രുതി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ തന്നെ ഭാര്യയുടെ പരാതിയില്‍ ജ്യോതിഷിനെതിരെ അമ്പലയല്‍ പോലീസില്‍ കേസുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ജ്യോതിഷിന്റെ മൃതദേഹം സംസ്‌കരിച്ചു. മക്കള്‍: ആദി തീര്‍ഥ, ദര്‍ശിദ്.