ഐപിഎല്‍ 2024 താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 333 താരങ്ങള്‍. ഈമാസം പത്തൊന്‍പതിന് ദുബായിലാണ് താരലേലം. എന്നാല്‍ ഐപിഎല്‍ 2024ലെ ഏറ്റവും മൂല്യമേറിയ താരമായി ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മാറുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര പറയുന്നു. ഐപിഎല്‍ 2024 ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയയായ രണ്ട് കോടി രൂപയുടെ പട്ടികയിലാണ് സ്റ്റാര്‍ക്ക് ഇടംപിടിച്ചിരിക്കുന്നത്.
2014ലും 2015ലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച സ്റ്റാര്‍ക്ക് മൊത്തം 34 വിക്കറ്റുകള്‍ നേടിയത്. ‘മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ എടുക്കും. ഓസ്ട്രേലിയയില്‍ കളിക്കുന്ന മിക്കവാറും എല്ലാവരും ഐപിഎല്‍ താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും മൂല്യമേറിയ കളിക്കാരന്‍ സ്റ്റാര്‍ക്ക് ആണ്. സ്റ്റാര്‍ക്ക് ഫാസ്റ്റ് ബൗളറാണ്. വിക്കറ്റുകള്‍ നേടുന്നതിലും യോര്‍ക്കറുകള്‍ ബൗള്‍ ചെയ്യുന്നതിലും സ്റ്റാര്‍ക്ക് വമ്പനാണ്. എന്നാല്‍ അദ്ദേഹം ലീഗില്‍ കളിക്കുന്നതില്‍ നിന്ന് എത്ര തവണ പിന്മാറിയെന്നത് തിരഞ്ഞെടുക്കുന്നതിലെ ആശങ്കാജനകമായ ഘടമാണ് ,’ ജിയോസിനിമയുടെ സ്‌പോര്‍ട്‌സ് ഷോ ആയ ആകാശവാണിയില്‍ സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു.
കുറഞ്ഞത് അഞ്ച് ഫ്രാഞ്ചൈസികളെങ്കിലും സ്റ്റാര്‍ക്കിനെ വിലയ്ക്ക് വാങ്ങാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്ന് അനൗദ്യോഗിക ചാനലുകളില്‍ നിന്ന് തനിക്ക് വിവരം ലഭിച്ചതായി ആകാശ് ചോപ്ര പറഞ്ഞു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ട്രാക്ക് റെക്കോര്‍ഡിലുള്ള സ്ഥിരതയില്ലായ്മ തിരിച്ചടിയാകുമെന്ന് കരുതുന്നതായും ചോപ്ര പറഞ്ഞു.
‘സ്റ്റാര്‍ക്കിനെ ഒരു ടീം വാങ്ങിയാല്‍ തന്നെ ആഷസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണത്തിനോ വേണ്ടി അവസാന നിമിഷം അദ്ദേഹം കളിയില്‍ നിന്ന് പിന്മാറിയാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആ ടീമിനെയാണ്. അവിടെ ടീമിന് നഷ്ടമാകുന്നത് പ്രധാന കളിക്കാരില്‍ ഒരാളെയാണ്. ഈ ലേലത്തില്‍ സ്റ്റാര്‍ക്കിനെ കൂടാതെ, ജെറാള്‍ഡ് കോട്സി, ജോഷ് ഹേസല്‍വുഡ്, ദില്‍ഷന്‍ മധുശങ്ക, ബെന്‍ ദ്വാര്‍ഷുയിസ് തുടങ്ങിയ പ്രമുഖ ബൗളര്‍മാരും ഉണ്ടാകും. എന്നാല്‍ സ്റ്റാര്‍ക്കിനെ വാങ്ങിയ ശേഷം അദ്ദേഹം പിന്മാറിയാല്‍ മറ്റ് ബൗളര്‍മാരെ വാങ്ങാന്‍ കഴിയില്ല എന്നത് ശ്രദ്ധേയമാണ്. സ്റ്റാര്‍ക്ക് ഒരു നല്ല കളിക്കാരനാണ് അദ്ദേഹത്തെ വലിയ വിലകൊടുത്ത് ടീമുകള്‍ വാങ്ങിയാലും അതില്‍ അത്ഭുതപ്പെടാനില്ല. പക്ഷേ അകെയുള്ള ആശങ്ക അദ്ദേഹം ഇടയ്ക്ക് വച്ച് പിന്മാറുമോ എന്നത് മാത്രമാണ്,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.