ടൊറന്റോ: കാനഡയില്‍ സ്റ്റുഡന്റ്‌സ് വീസയില്‍ എത്തുന്ന ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍തോതില്‍ ഇടിവ് ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. വീസ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും കാരണമായി ചൂണ്ടിക്കാണിക്കുന്നു. 
കാനഡയിലെ രാജ്യാന്തര വിദ്യാര്‍ത്ഥികളില്‍ പകുതിയോളം പേര്‍ ഇന്ത്യക്കാരാണ് എന്നുള്ളത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം, ജോലി അവസരങ്ങളുടെ അഭാവം, ഉയര്‍ന്ന വാടക-ജീവിത ചെലവുകളും കാനഡയിലേക്ക് എത്തുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ തടയുന്നതിന് കാരണമാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
നിയന്ത്രണങ്ങള്‍ സ്റ്റുഡന്റ് വീസ അപേക്ഷകളുടെ എണ്ണത്തിലെ കുറവിനെ ബാധിച്ചിട്ടുണ്ട്. 2023-ന്റെ അവസാന പകുതിയില്‍ ഏകദേശം 40 ശതമാനം കുറവാണ് സ്റ്റുഡന്റ് വീസ അപേക്ഷകരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ഇതോടൊപ്പം രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി പെര്‍മിറ്റ് ലഭിക്കുന്നതിന് തങ്ങളുടെ പക്കലുണ്ടെന്ന് തെളിയിക്കേണ്ട തുക ഇരട്ടിയായി വര്‍ധിപ്പിച്ചതും സ്റ്റുഡന്റ് വീസ അപേക്ഷകരെ സാരമായി ബാധിച്ചേക്കും. ഈ സാഹചര്യം തുടര്‍ന്നും വിദ്യാര്‍ത്ഥി വീസകളുടെ എണ്ണത്തില്‍ വീണ്ടും ഇടിവ് ഉണ്ടാകാന്‍ കാരണമായേക്കുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
2024 ജനുവരി 1 മുതല്‍, സ്റ്റഡി പെര്‍മിറ്റുകള്‍ക്കുള്ള ഗ്യാരന്റീഡ് ഇന്‍വെസ്റ്റ്മെന്റ് സര്‍ട്ടിഫിക്കറ്റ് (ജിഐപി) പരിധി 20635 ഡോളറായിട്ടാണ് ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ ഇത് പതിനായിരം ഡോളര്‍ മാത്രമായിരുന്നു. ഈ വര്‍ധനവ് മലയാളികള്‍ അടങ്ങുന്ന വിദ്യാര്‍ത്ഥികളെ നേരിട്ട് തന്നെ ബാധിക്കും. താമസ വാടക, ട്യൂഷന്‍ ഫീസ് എന്നിവയിലെ വര്‍ധനവിന് പിന്നാലെയാണ് ജിഐപിയും ഉയര്‍ത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള സ്റ്റുഡന്റ് വീസ അപേക്ഷകളില്‍ ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നാല്‍പ്പത് ശതമാനത്തിന്റെ ഇടിവ് ഉണ്ടായതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ  യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 86,562 അപേക്ഷകള്‍ മാത്രമാണ് സ്റ്റുഡന്റ് വീസ കാറ്റഗറിയില്‍ പുതിയതായി വന്നിട്ടുള്ളത്. മുന്‍ കാലയളവില്‍ ഇത് 145881 ആയിരുന്നു.2021-ല്‍ ആകെ 236,077 അപേക്ഷകളും 2022-ല്‍ 363,541 അപേക്ഷകളും ഉണ്ടായിരുന്നെങ്കില്‍, 2023 ഒക്ടോബറോടെ എണ്ണം 261,310 ആയി കുറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *