ഫിലാഡൽഫിയ: യഹുദ വിദ്വേഷത്തിനെതിരെ ഫിലാഡൽഫിയയിൽ ഞായറാഴ്ച്ച നടന്ന റാലിയിൽ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (എച് എ എഫ്) എക്സിക്യൂട്ടീവ് ഡയറക്ടർ സുഹാഗ് ശുക്ല തുറന്നടിച്ചു. “ശാലോം, നമസ്തേ,” എന്നു അഭിവാദ്യം ചെയ്തു കൊണ്ടാണ് അവർ പ്രസംഗം ആരംഭിച്ചത്.
“രണ്ടായിരം വർഷം മുൻപ് എന്റെ പവിത്രമായ ജന്മനാടിൻറെ തീരത്തു ഏഴു കുടുംബങ്ങൾ എത്തി. അവർ പീഡനത്തിൽ നിന്നു രക്ഷ തേടി വന്ന യഹൂദർ ആയിരുന്നു. ആകസ്മികമായോ കരുതിക്കൂട്ടിയോ അവർ വന്നതെന്നു വ്യക്തമല്ല. പക്ഷെ അവർ എത്തിയത് ഹിന്ദു സംസ്കാരത്തിലേക്കാണ്. സത്യം ഒന്നു തന്നെ എന്നു വിശ്വസിക്കുന്ന സംസ്കാരം.
“ഈ ഏഴു കുടുംബങ്ങൾ പിന്നീട് ആയിരങ്ങളായി വളർന്നു ഇന്ത്യയുടെ വളർച്ചയ്ക്കു സംഭാവന നൽകി. നാനാത്വവും ഭിന്നാഭിപ്രായങ്ങളും അംഗീകരിക്കുന്ന നാട്ടിൽ നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും യഹൂദ കുടുംബങ്ങൾ എത്തി.
“ഇന്ത്യ യഹൂദ വിദ്വേഷം ഇല്ലാത്ത ചുരുക്കം ചില നാടുകളിൽ ഒന്നാണ്. വിദ്വേഷം ഒരു രോഗമാണ്. അത് ഇരട്ടിക്കയും പടരുകയും ചെയ്യും. അത് മനുഷ്യനെ മാത്രമല്ല, മനുഷ്യന്റെ എല്ലാ രീതികളെയും നശിപ്പിക്കും.”
യഹൂദ വിദ്വേഷത്തിനെതിരെ ഒന്നിച്ചു നില്ക്കാൻ അവർ ആഹ്വാനം ചെയ്തു.